Latest News

വരുമാനം കുറഞ്ഞതോടെ പള്ളിക്കര ടോള്‍ ബൂത്ത് ഒഴിവാക്കി കരാറുകാരന്‍ സ്ഥലംവിട്ടു

ബേക്കല്‍: വരുമാനം കുറഞ്ഞതോടെ പള്ളിക്കര ടോള്‍ ബൂത്ത് ഒഴിവാക്കി കരാറുകാരന്‍ സ്ഥലംവിട്ടു. കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി. റോഡില്‍ പള്ളിക്കര റെയില്‍വേ മേല്‍പ്പാലം ഇറങ്ങിയെത്തുന്നിടത്ത് സംസ്ഥാന ആര്‍.ബി.ഡി.സി.(റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ്് കോര്‍പ്പറേഷന്‍) നിര്‍മിച്ച ടോള്‍ബൂത്തിലാണ് ഇപ്പോള്‍ ആളും അനക്കവും ഇല്ലാതായത്.[www.malabarflash.com]

കെ.എസ്.ടി.പി.റോഡില്‍ അപകടങ്ങളും കാഞ്ഞങ്ങാടടക്കമുള്ള ടൗണുകളില്‍ ഗതാഗതക്കുരുക്കും കൂടിയതോടെ കാഞ്ഞങ്ങാട് സൗത്തില്‍ പോലീസുകാര്‍ കാവല്‍നിന്ന് വലിയ വാഹനങ്ങള്‍ ദേശീയപാത വഴി തിരിച്ചുവിട്ടു.

ഇതോടെ കെ.എസ്.ടി.പി.റോഡിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങള്‍ കുറഞ്ഞു. ഇങ്ങനെയാണ് വരുമാനത്തിലിടിവുണ്ടായതെന്ന് കരാറുകാരന്‍ പറഞ്ഞു. ദിവസം 15,000-ത്തോളം രൂപ കരാറുകാരന്‍ സര്‍ക്കാരിലേക്ക് അടയ്ക്കണമായിരുന്നു. അതേസമയം കഷ്ടിച്ച് 12,000 രൂപമാത്രമേ ദിവസം പിരിഞ്ഞുകിട്ടുന്നുള്ളൂ എന്ന് കരാറുകാരന്‍ പറഞ്ഞു.

24 മണിക്കൂറും തുറന്നിരിക്കാന്‍ ഏഴു ജീവനക്കാരും ഒരു മാനേജരും വേണം. വൈദ്യുതിബില്‍, മുറിവാടക തുടങ്ങി ബാക്കി ചെലവുകള്‍ക്കുള്ള തുക പുറമെ വേണം. ഇത്രയും വരുമാനം കിട്ടാതെവന്നതോടെയാണ് കരാറുകാരന്‍ പിന്‍വാങ്ങിയത്. ലേലമുറപ്പിക്കുന്ന സമയത്ത് കരാറുകാരന്‍ കെട്ടിവെച്ച തുക ഇപ്പോള്‍ കുടിശ്ശികയിലേക്കു വകയിരുത്തിയിട്ടിട്ടുണ്ട്.

നേരത്തേ ദേശീയപാതയിലെ ടോള്‍ബൂത്തുകള്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഈ ബൂത്തും അടയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസും ബി.ജെ.പി.യും സമരവും നടത്തിയിരുന്നു. അടച്ച പള്ളിക്കര ടോള്‍ ബൂത്ത് പുതിയ കരാറുകാരനെ ഏല്പിച്ച് പിരിവുതുടങ്ങിയാല്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി വീണ്ടും രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.