Latest News

പ്രശസ്ത ബുളളറ്റ് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു

ഹൈദരാബാദ്: പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാല്‍ കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്. വിഷാദത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് രാജ്യത്തുടനീളം 38,000 കിലോമീറ്റര്‍ സഞ്ചരിച്ച് സ്കൂളുകളിലും കോളേജുകളിലും അവബോധം നടത്തി പ്രചോദനം നല്‍കുന്നതിലൂടെ പ്രശസ്തയാണ് സന.[www.malabarflash.com]

നര്‍സിങ്കി ഗ്രാമത്തില്‍ ഭര്‍ത്താവായ അബ്ദുള്‍ നദീമിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ സനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നദീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമിതവേഗം കാരണമാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും എതിരെ ബോധവത്കരണ പരിപാടികളുമായി രാജ്യത്തുടനീളം തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റില്‍ യാത്ര ചെയ്താണ് സന ശ്രദ്ധേയയായത്. ഇന്ത്യന്‍ ബൈക്കിംഗ് സമൂഹത്തിന് തീരാനഷ്ടമാണ് സനയുടെ വിയോഗമെന്ന് സോഷ്യല്‍മീഡിയയില്‍ അനുശോചനക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

30കാരിയായ സനയ്ക്ക് രണ്ട് വയസുളളൊരു കുട്ടിയുണ്ട്. വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന സന 27ആം വയസില്‍ ആത്മഹത്യ ചെയ്യാനായി ഗുജറാത്തിലേക്ക് തന്റെ ബുളളറ്റില്‍ പുറപ്പെട്ടിരുന്നു. എതിരെ വരുന്ന ട്രക്കിന് ഇടിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു സനയുടെ പദ്ധതി. എന്നാല്‍ ആ യാത്ര സനയുടെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. യാത്രയുടെ ലഹരി അറിഞ്ഞ സന പിന്നീടുളള കാലം ആത്മഹത്യയ്ക്കും വിഷാദരോഗത്തിനും എതിരെ പോരാടുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.