ചെറുവത്തൂര്‍: എല്ലാ മനുഷ്യരേയും ഏകോദര സഹോദരങ്ങളെ പോലെ കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ സാംസ്‌കാരിക- രാഷ്ട്രീയ വീക്ഷണം ഉയര്‍ത്തി പിടിച്ച കവിയായിരുന്നു മഹാകവി കുട്ടമത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.[www.malabarflash.com]
ചെറുവത്തൂര്‍ കുട്ടമത്ത് നഗറില്‍ പൂമാല ഓഡിറ്റോറിയത്തില്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മഹാകവി കുട്ടമത്തിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സോഷ്യലിസ്റ്റ് സങ്കല്പം ഉള്‍ക്കൊണ്ടിരുന്നതിനാല്‍ എല്ലാതരം വര്‍ണാശ്രമധര്‍മങ്ങളേയും വിഭാഗീയ കാഴ്ചപാടുകളേയും എതിര്‍ക്കാന്‍ കുട്ടമത്തിന് കഴിഞ്ഞു. ദാരിദ്ര്യം ചിത്രീകരിച്ച മഹാകവിയുടെ ബാലഗോപാലന്‍ നാടകം വടക്കേ മലബാറില്‍ ജനപ്രീതി നേടാനുള്ള പ്രധാന കാരണവും അതാണ്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തെ പോലെ ബാലഗോപാലനും പുരോഗമന ചിന്താഗതികള്‍ വളര്‍ത്താന്‍ അരങ്ങുകളില്‍ വലിയ സംഭാവനകള്‍ നല്‍കി.
കെ. കേളപ്പനുമായുള്ള സൗഹൃദം മഹാകവി കുട്ടമത്തിനെ ദേശീയ പ്രസ്ഥാനവുമായി അടുപ്പിച്ചു.എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും കുട്ടമത്ത് അംഗമായിരുന്നു. നാടിന്റെ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് കുട്ടമത്ത് കുടുംബം വലിയ പങ്കുവഹിച്ചു. ജാതി ബോധത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന മഹാകവി കുട്ടമത്തിന്റെ രചനകള്‍ ദേശീയ പ്രസ്ഥാനത്തിനും നവോത്ഥാന പ്രസ്ഥാനത്തിനും തിളങ്ങുന്ന സംഭാവനകള്‍ നല്‍കി. കുട്ടമത്ത് ദേശീയ പ്രസ്ഥാനത്തിന്റെ കവിയാണ്. മതത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുകയും കപട ദേശീയത ഉയര്‍ത്തുകയും ചെയ്യുന്ന സങ്കുചിത ദേശീയ വാദികളുടെ താത്പര്യങ്ങള്‍ തിരിച്ചറിയാന്‍ മഹാകവി കുട്ടമത്തിന്റെ കൃതികള്‍ വീണ്ടും വായിക്കുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ പുസ്തകം ഏറ്റുവാങ്ങി. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. ചരിത്രകാരന്‍ ഡോ: കെ.കെ.എന്‍ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ സ്വാഗതവും അക്കാദമി നിര്‍വ്വാഹക സമിതി അംഗം ഇ.പി.രാജഗോപാലന്‍ നന്ദിയും പറഞ്ഞു. കെ.പി.സതീഷ് ചന്ദ്രന്‍,രവീന്ദ്രന്‍ കൊടക്കാട്, ഡോ.വി.പി.പി.മുസ്തഫ, പി.ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
No comments:
Post a Comment