Latest News

ഖാസിയുടെ കൊലപാതകം: ജനകീയ ആക്ഷന്‍ കമ്മിററിയുടെ അടിയന്തിര യോഗം വിളിച്ചു, വെളിപ്പെടുത്തിയാള്‍ എവിടെ..?

കാസര്‍കോട്: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയുമായ ചെമ്പിരിക്ക സി.എം അബ്ദുല്ല മൗലവിയുടെ കൊലയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ ജനകീയ ആക്ഷന്‍ കമ്മിററിയുടെ അടിയന്തിര യോഗം ചൊവ്വാഴ്ച വൈകുന്നേരം 4.30ന് തളങ്കര ഖാസിയാറകത്ത് ചേരും.[www.malabarflash.com]

യോഗത്തില്‍ ഖാസിയുടെ കുടുംബങ്ങളും സമര സമിതി ചെയര്‍മാനും പൊതു പ്രവര്‍ത്തകനുമായ സുരേന്ദ്രനാഥ് അടക്കമുളള പ്രമുഖര്‍ പങ്കെടുക്കും.
അതിനിടെ പുതിയ വെളിപ്പെടുത്തലുകളെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് ബ്യൂറോയും അന്വേഷണം തുടങ്ങി. വെളിപ്പെടുത്തിലെ ആധികാരികത ഉറപ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ തേടാനുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ ശ്രമം.
നീലേശ്വരത്തെ ഒരു ഓട്ടോ ഡ്രൈവരുടെ ഓഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. 

പിഡിപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ടായ ഫാറൂഖ് തങ്ങളാണ് ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവിട്ടത്. ചികിത്സ ആവശ്യത്തിനാണ് ഇയാള്‍ തന്റെ അരികിലെത്തുന്നതെന്നും പിന്നീട് ഖാസി കേസുമായി ബന്ധപ്പെട്ട് പിഡിപി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളാണെന്ന നിലയിലും, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ കേരളയുടെ പ്രസിഡണ്ടെന്ന നിലയിലുമാണ് തന്നോട് കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായതെന്നുമാണ് ഫാറൂഖ് തങ്ങള്‍ പറയുന്നത്. 

പലപ്രാവശ്യം ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, നേരില്‍ കണ്ടും അല്ലാതെയും സംസാരിച്ചിട്ടുണ്ടെന്നും ഫാറൂഖ് തങ്ങള്‍ പറയുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങളായി ഇയാളെ കുറിച്ച് വിവരമില്ല. അതിനിടയില്‍ നാലുദിവസം മുമ്പ് കൊച്ചിയില്‍ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നെങ്കിലും അതിനുശേഷം ഇയാളുമായി ബന്ധപ്പെടാനാവുന്നില്ലെന്നും ഫാറൂഖ് തങ്ങള്‍ പറഞ്ഞു. 
നീലേശ്വരത്ത ഓരാളുടെ നേതൃത്വത്തിലുളള ക്വട്ടേഷന്‍ സംഘമാണ് ഖാസിയെ കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. കൊലയാളി സംഘത്തെ ചെമ്പിരിക്കയിലെത്തിച്ചത് തന്റെ ഓട്ടോ റിക്ഷയിലാണെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.
ക്വട്ടേഷന്‍ സംഘത്തിന് നീലേശ്വരത്തെ വീട്ടില്‍ നിന്നും പണം കൈമാറുന്നത് കണ്ടതായും, നീല്വേശ്വരം സ്വദേശിക്ക് 20 ലക്ഷം ലഭിച്ചതായും ഓഡിയോ ക്ലിപ്പിലുണ്ട്.
അതിനിടെ ഇപ്പോള്‍ പുറത്ത് വന്നത് ചില നുറുങ്ങുകള്‍ മാത്രമാണെന്നും , സമഗ്രമായ തെളിവുകള്‍ - വാമൊഴിയും വരമൊഴിയും എസ്.കെ.എസ്.എസ്.എഫ് ആഴ്ചകള്‍ക്ക് മുമ്പ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞതായും എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സത്താര്‍ പന്തല്ലൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് യഥാസമയം വിളിച്ച് പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു. തുടർന്ന് പ്രക്ഷോഭങ്ങളുടെ ഓരോ ഘട്ടത്തിലും സംഘടന തന്നെയാണ് പങ്ക് വഹിച്ചിട്ടുള്ളത്. ഇതിൽ ജനങ്ങളോട് പറയേണ്ടതും കോടതിയിൽ പറയേണ്ടതുമുണ്ട്. ഇപ്പോൾ പുറത്ത് വന്നത് ചില നുറുങ്ങുകൾ മാത്രമാണ് , സമഗ്രമായ തെളിവുകൾ - വാമൊഴിയും വരമൊഴിയും സംഘടന തന്നെ ആഴ്ചകൾക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു. കോടതി നിർദ്ദേശ പ്രകാരം തുടർ നടപടികൾ ചെയ്തു വരുന്നു. നമ്മുടെ ലക്ഷ്യം വാർത്ത സൃഷ്ടിക്കലല്ല, ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ്. അതിനുള്ള പരിശ്രമങ്ങൾ തുടരുകയാണ്. ഇൻശാ അല്ലാഹ് ... സത്യം വിജയിക്കുക തന്നെ ചെയ്യും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.