Latest News

ത്വലാഖ്: നിയമ നിര്‍മാണം മദ്ഹബുകള്‍ക്ക് അനുസൃതമാകണം-സമസ്ത

കാസര്‍കോട്: മുത്വലാഖ് സംബന്ധമായുള്ള സുപ്രീംകോടതിയുടെ വിധിയുടെ വെളിച്ചത്തില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ മുസ്‌ലിം ലോകം നിരാക്ഷേപം നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന നാലു മദ്ഹബുകള്‍ക്കനുസരിച്ചാകണമെന്നും ഈവിഷയത്തില്‍ പണ്ഡിതസമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും സമസ്ത ജില്ലാ മുശാവറ സംഘടിപ്പിച്ച പഠനസംഗമം ആവശ്യപ്പെട്ടു.[www.malabarflash.com]

ഇസ്‌ലാമിലെ വിവാഹ മോചന നിയമങ്ങള്‍ സുതാര്യവും മാനുഷിക മുഖമുളളതുമാണ്. വൈവാഹിക ജീവിതത്തില്‍ അകല്‍ച്ചകളും പിണക്കങ്ങളുമുണ്ടാകുമ്പോള്‍ അനുരഞ്ജനത്തിന്റെ പാതകള്‍ തേടണമെന്നു സമാധാനപൂര്‍ണമായ ജീവിതം ഒരുതരത്തിലും സാധ്യമല്ലെന്നു കാണുമ്പോള്‍ മാത്രം ത്വലാഖ് ഉപയോഗപ്പെടുത്തണമെന്നുമുള്ള ഖുര്‍ആനിന്റെ നിര്‍ദേശം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അനുഗ്രഹമാണെന്നും തികച്ചും മനുഷ്യത്വപരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. 

കാര്യങ്ങള്‍ ഇതായിരിക്കെ ത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുന്നവര്‍ മതം പഠിക്കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
സംഗമത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. 

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അഡ്വ. ബശീര്‍ ആലടി എന്നിവര്‍ വിഷയാവതരണം നടത്തി. യു പി എസ് തങ്ങള്‍ ആലംപാടി, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് ഫൈസി ചെറുവത്തൂര്‍, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, വൈ എം അബ്ദുര്‍റഹ്മാന്‍ അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.