Latest News

പലിശക്കാരുടെ കെണിയില്‍ അകപ്പെട്ട കുടുംബത്തിലെ രണ്ട് വസ്സുകാരി ഉള്‍പ്പടെ മൂന്ന് പേര്‍

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ പലിശക്കാരുടെ കെണിയില്‍ അകപ്പെട്ട കുടുംബത്തിലെ പിഞ്ചു കുഞ്ഞുങ്ങളടക്കം നാല് പേര്‍ കളക്ടറേറ്റിന് മുന്നില്‍ സ്വയം തീകൊളുത്തി. മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അച്ഛന്‍ ചികിത്സയിലാണ്.[www.malabarflash.com]

പലിശക്കാരുടെയും പോലീസിന്റെയും ഭീഷണിയെ തുടര്‍ന്നാണ് ഭര്‍ത്താവും ഭാര്യയും രണ്ടും അഞ്ചും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കടയനല്ലൂര്‍ കാശിധര്‍മം സ്വദേശി ഇസക്കി മുത്തു, ഭാര്യ സുബ്ബലക്ഷ്മി രണ്ടും, അഞ്ചും വയസുള്ള മധുശരണ്യ,അക്ഷയ ഭരണിക എന്നവരാണ് കലക്ടറേറ്റിന് മൂന്നില്‍ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മൂന്ന് പേര്‍ മരിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട് ഓടുകൂടിയ ആളുകള്‍ 20 മിനിറ്റുകൊണ്ടാണ് നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എട്ടുമാസം മുമ്പ് മുത്തുലക്ഷ്മി എന്ന സ്ത്രീയില്‍നിന്നും സുബ്ബലക്ഷ്മി 1.45 ലക്ഷം രൂപം കടം വാങ്ങിയിരുന്നു. എന്നാല്‍, പല തവണയായി പലിശയടക്കം 2.35 ലക്ഷം രൂപ മടക്കി നല്‍കിയെന്നുമാണ് സുബ്ബലക്ഷ്മി പറയുന്നത്.

പലിശയിനത്തില്‍ മുത്തുലക്ഷ്മി കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇസക്കി മുത്തു പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അവരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മുത്തുവിന്റെ സഹോദരന്‍ ആരോപിച്ചു.

പലിശക്കാരില്‍ നിന്നുള്ള തുടര്‍ച്ചയായ മാനസിക പീഠനത്തെ തുടര്‍ന്നാണ് കളക്ടറെ കാണാന്‍ എന്ന വ്യാജേന കളക്ടറേറ്റിലെത്തിയത്. പിന്നീട് ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.