Latest News

കേരളം ലോകകപ്പ് ഫുട്‌ബോള്‍ ലഹരിയിലേക്ക്; കാസര്‍കോട് നിന്നും ദീപശിഖാ പ്രയാണം ആരംഭിച്ചു

കാസര്‍കോട്: ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങുവാന്‍ ഇനി രണ്ടുദിവസം മാത്രം അവശേഷിക്കെ കേരളം കാല്‍പ്പന്ത് ലഹരിയില്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരങ്ങളായ ഐ.എം വിജയനും ബാലചന്ദ്രനും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ കൈയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങിയതോടെയാണ് നാടെങ്ങും ഫുട്‌ബോള്‍ ലഹരിയിലായത്.[www.malabarflash.com]

ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലേക്കാണ് കാസര്‍കോട് നിന്നും ദീപശിഖാ പ്രയാണത്തിന് തുടക്കമായത്. മറ്റെന്നാള്‍(ഈ മാസം 6) ദീപശിഖ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സ്ഥാപിക്കും.
കൊച്ചി ഉള്‍പ്പെടെ ആറു ഇന്ത്യന്‍ നഗരങ്ങളില്‍ നടക്കുന്ന ലോകഫുട്‌ബോള്‍ മാമാങ്കത്തിന് മറ്റെന്നാള്‍ കൊല്‍ക്കത്തയിലാണ് കിക്കോഫ്. 

കാസര്‍കോട് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ദീപശിഖാപ്രയാണം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മുന്‍കാലങ്ങളില്‍ ഐ.എം വിജയന്‍, ബാലചന്ദ്രന്‍, എം. സുരേഷ് തുടങ്ങിയവരെ പോലെ മികച്ച കളിക്കാര്‍ ഉണ്ടായിരുന്നെങ്കിലും ടീം എന്ന നിലയില്‍ ഇന്ത്യയ്ക്കു ലോകഫുട്‌ബോളില്‍ മികച്ച മുന്നേറ്റം നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അണ്ടര്‍ 17 ലോകകപ്പോടെ ഇന്ത്യന്‍ ഫുട്ബോളിലും മാറ്റം കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണെന്ന് മന്തി പറഞ്ഞു.
വണ്‍ മില്യണ്‍ ഗോള്‍ പരിപാടി കേരളത്തില്‍ നടത്തിയതുകൊണ്ടാണ് ഇത്രയും വിജയമായതെന്ന് ദീപശിഖ ഏറ്റുവാങ്ങുന്നതിനിടെ ഐ.എം വിജയന്‍ പറഞ്ഞു. കൊല്‍ക്കത്ത പോലെയുള്ള സ്ഥലങ്ങളില്‍ ഈ ആവേശം കിട്ടില്ല. ഈ ആവേശം കേരളമാകെ ഏറ്റുവാങ്ങിയിരിക്കുകയാണെന്നും ഇത് മത്സരങ്ങളിലും പ്രകടമാകുമെന്നും വിജയന്‍ പറഞ്ഞു. 

ഇന്ത്യയിലെ മികച്ച കളിക്കാരനെന്നു പേരെടുത്ത ഈ നാട്ടുകാരനായ എം. സുരേഷിനെ കാസര്‍കോടുകാര്‍ വേണ്ടരീതിയില്‍ അംഗീകരിച്ചിട്ടില്ലെന്നും വിജയന്‍ പറഞ്ഞു. 

ദീപശിഖാ പ്രയാണത്തിന് തുടക്കംകുറിച്ചപ്പോള്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച എം. സുരേഷിന്റെ സാന്നിധ്യവും പരിപാടിക്ക് തിളക്കമേകി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, ജില്ലാ പഞ്ചായത്ത് അംഗം വി.പി.പി. മുസ്തഫ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍വാഹക അംഗങ്ങളായ സഞ്ജയന്‍കുമാര്‍, എം.ആര്‍ രഞ്ജിത്ത്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ഷാഫി എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍ നന്ദി യും പറഞ്ഞു.

ജില്ലയില്‍ മേല്‍പ്പറമ്പ്, പാലക്കുന്ന്, ബേക്കല്‍ ജങ്ഷന്‍, കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി, കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ്, നീലേശ്വരം ഹൈവേ ജങ്ഷന്‍, ചെറുവത്തുര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കി. ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കായികതാരങ്ങളും ദീപശിഖ ഏറ്റുവാങ്ങി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.