ബന്തടുക്ക: സി.പി.ഐ.യില്‍ ചേര്‍ന്ന സി.പി.എം പടുപ്പ് മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ വീടും കാറും എറിഞ്ഞു തകര്‍ത്തു. പടുപ്പ് ശങ്കരംപാടിയിലെ ഇ.കെ രാധാകൃഷ്ണന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് അക്രമമുണ്ടായത്. വീടിന്റെ ജനല്‍ഗ്ലാസുകള്‍ തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഗണര്‍ കാറിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകള്‍ തകര്‍ന്നു.[www.malabarflash.com]
ശങ്കരംപാടിയില്‍ റേഷന്‍ കട നടത്തുന്ന ഇ.കെ രാധാകൃഷ്ണന്‍ നാട്ടുകാര്‍ക്ക് പൊതുസമ്മതനാണ്. സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതിന് വീട് അക്രമിച്ച സംഭവത്തില്‍ സി.പി.ഐ. നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.
സി.പി.എം ഉദുമ മുന്‍ ഏരിയാ കമ്മിറ്റി അംഗമായും കര്‍ഷകസംഘം ബേഡകം ഏരിയാ ജോയിന്റ് സെക്രട്ടറിയായും രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ തവണ പാര്‍ട്ടി ഭാരവാഹി സ്ഥാനത്ത് നിന്ന് രാധാകൃഷ്ണന്‍ സ്വയം ഒഴിഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുന്നതിനിടയില്‍ പടുപ്പില്‍ നടന്ന സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍ രാധാകൃഷ്ണനെ പങ്കെടുപ്പിച്ചിരുന്നില്ല.
തിങ്കളാഴ്ച സി.പി.ഐ. മണ്ഡലം സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു. കുറ്റിക്കോല്‍, ആനക്കല്ല്, മുന്നാട് ഭാഗങ്ങളിലായി 50ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാധാകൃഷ്ണന്‍ സി.പി.ഐ.യില്‍ ചേരാനെത്തിയത്. പൊതുസമ്മേളനത്തില്‍ നല്‍കിയ സ്വീകരണത്തിന് രാധാകൃഷ്ണന്‍ നന്ദി പറഞ്ഞിരുന്നു.
ചില പാര്‍ട്ടി നേതാക്കളുടെ ശരികേടുമായി യോജിച്ച് പോകാന്‍ കഴിയാത്തതിനാലാണ് പാര്‍ട്ടി വിടുന്നെന്ന് രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
അടുത്തിടെ കര്‍ഷകസംഘം കുറ്റിക്കോല്‍ മേഖലാ സെക്രട്ടറിയായിരുന്ന ഗംഗാധരന്‍ കളക്കരയും പാര്‍ട്ടി വിട്ട് സി.പി.ഐ.യില്‍ ചേര്‍ന്നിരുന്നു.
വീട് അക്രമിച്ച സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സി.പി.ഐ പടുപ്പ് ലോക്കല്‍ സെക്രട്ടറി പി.പി. ചാക്കോ ആവശ്യപ്പെട്ടു.
സി.പി.ഐ ജില്ലാ കൗണ്‍സിലംഗം പി. ഗോപാലന്‍ മാസ്റ്റര്‍, പടുപ്പ് ലോക്കല്‍ സെക്രട്ടറി പി.പി ചാക്കോ, കുറ്റിക്കോല്‍ ലോക്കല്‍ സെക്രട്ടറി ബാബുപയന്തങ്ങാനം, എ. ഗോപാലകൃഷ്ണന്‍, എം. ഗംഗാധരന്‍ കളക്കര തുടങ്ങിയവര്‍ ഇ.കെ രാധാകൃഷ്ണന്റെ വീട് സന്ദര്‍ശിച്ചു.
No comments:
Post a Comment