Latest News

ഹാദിയയെ കാണാൻ സംസ്ഥാന വനിതാ കമ്മിഷനെ പിതാവ് അനുവദിച്ചില്ല

വൈക്കം: സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ഹാദിയയയുടെ (അഖില) വീട്ടിൽ സന്ദർശനത്തിനെത്തിയെങ്കിലും കാണാൻ അച്ഛൻ അനുവദിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് അധ്യക്ഷ, അംഗം എം.എസ്.താര, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവരെത്തിയത്.
ഒദ്യോഗിക വാഹനം ഉപേക്ഷിച്ച് മറ്റെ‍ാരു കാറിലായിരുന്നു യാത്ര. [www.malabarflash.com]


ടിവിപുരത്ത് ഹാദിയയുടെ പിതാവ് കെ.യു.അശോകന്റെ സഹോദരി ഗിരിജയുടെ വീട്ടിലെത്തി അശോകനുമായി സംസാരിച്ചു. ഹാദിയയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അശോകൻ അനുമതി നൽകിയില്ല.

27ന് സുപ്രീംകോടതിയിൽ ഹാജരാകാൻ ഡൽഹിയിലേക്കുള്ള യാത്ര വിമാനത്തിലാക്കണമെന്നും അതിന്റെ ചെലവ് വഹിക്കാമെന്നും കമ്മിഷൻ അധ്യക്ഷ അശോകനോട് പറഞ്ഞു. അതേസമയം യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷൻ യാത്രാച്ചെലവ് നൽകേണ്ടതില്ലെന്നുമാണ് അശോകൻ വ്യക്തമാക്കിയത്.

തന്റെ അഭിപ്രായം കേൾക്കാതെ കേസിൽ കേരള വനിതാ കമ്മിഷൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നതു ശരിയായില്ലെന്നും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയെ മാത്രമേ മകളെ കാണാൻ അനുവദിച്ചിട്ടുള്ളൂവെന്നും അശോകൻ അധ്യക്ഷയോട് പറഞ്ഞു.

യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തിൽ ശരിയായ നിലപാട് തന്നെയാണ് കമ്മിഷൻ സ്വീകരിച്ചതെന്നും അധ്യക്ഷ വിശദീകരിച്ചു. ദേശീയ കമ്മിഷൻ അധ്യക്ഷയുടെ സന്ദർശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും എം.സി.ജോസഫൈൻ ചോദിച്ചു.

യുവതിക്ക് നേരിട്ട് സംരക്ഷണം നൽകുന്ന വനിതാ പോലീസുകാരിൽനിന്നു ചെയർപഴ്‌സൻ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഡൽഹിയിലേക്കുള്ള യാത്രയിൽ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പോലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയിൽനിന്ന് അടിയന്തരമായി റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.