Latest News

ബന്ധുവായ യുവതിയയെ ശല്ല്യപ്പെടുത്തിയ യുവാവിനെ കൊന്ന് വെളളക്കെട്ടിലിട്ടു, സത്യം പുറത്ത് വരുമെന്നായപ്പോള്‍ കൊലയ്ക്ക് സഹായിച്ച കൂട്ടുകാരനെ വകവരുത്തി റെയില്‍വേ ട്രാക്കില്‍ തളളി; ആലപ്പുഴയിലെ ഇരട്ട കൊല: രണ്ടു പേര്‍ പിടിയില്‍

ആലപ്പുഴ: യുവാവിനെ കൊലപ്പെടുത്തി വെള്ളക്കെട്ടിൽ താഴ്ത്തുകയും സത്യം വെളിപ്പെടുത്തുമെന്ന സംശയത്തിൽ കൃത്യത്തിനു സഹായിച്ച കൂട്ടുകാരനെ കൊന്നു റെയിൽപാളത്തിൽ തള്ളുകയും ചെയ്ത കേസുകളിൽ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

ഇരട്ടക്കൊലപാതകങ്ങൾ നടത്തിയെന്ന കേസിൽ എടത്വ പച്ച കാഞ്ചിക്കൽ വീട്ടിൽ മോബിൻ മാത്യുവാണ് (മനു–25) അറസ്റ്റിലായത്. രണ്ടാം കൊലയ്ക്കു സഹായിച്ച കുറ്റത്തിന് മോബിന്റെ പിതൃസഹോദരന്റെ മകൻ ജോഫിൻ ജോസഫിനെ (28) കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

മധുവിന്റെ കൊലക്കേസിൽ ജോഫിൻ, മോബിന്റെ പിതാവ് മാത്യു കെ.മാത്യു, ജോഫിന്റെ പിതാവ് ജോസഫ് മാത്യു (ബേബിച്ചൻ) എന്നിവരും പ്രതികളാണെന്നു പോലീസ് അറിയിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 

കഴിഞ്ഞ ഏപ്രിൽ 19നു ചെക്കിടിക്കാട് കറുകത്തറ കുട്ടപ്പന്റെ മകൻ മധുവിനെ (40) കൊന്നു വെള്ളക്കെട്ടിൽ തള്ളിയ മോബിൻ, കൊലയ്ക്കു കൂട്ടുനിന്ന ചെക്കിടിക്കാട് തുരുത്തുമാലിൽ വർഗീസ് ഔസേഫിനെ (ലിന്റോ–28) രണ്ടു മാസത്തിനു ശേഷം കൊന്നു റെയിൽപ്പാളത്തിൽ തള്ളിയെന്നാണു കേസ്. 

മധുവിനെ കൊന്ന കേസിൽ ലിന്റോയുടെ നുണപരിശോധനയ്ക്കായി പോലീസ് നീങ്ങുന്നതിനിടെയാണു സെപ്റ്റംബർ 19നു തകഴിക്കു സമീപം റെയിൽപ്പാളത്തിൽ തിരിച്ചറിയാനാകാത്തവിധം അസ്ഥികൂടം കണ്ടെത്തിയത്. സമീപത്തുനിന്നു കിട്ടിയ പഴ്സിൽനിന്നു മൃതദേഹം ലിന്റോയ‍ുടേതാണെന്നു സൂചന ലഭിച്ചു. ഡിഎൻഎ പരിശോധനയിൽ ഇതു സ്ഥിരീകരിച്ചു.

മോബിന്റെ ബന്ധുവായ യുവതിയെ ശല്യം ചെയ്തതു സംബന്ധിച്ച തർക്കമാണു മധുവിന്റെ കൊലയിൽ കലാശിച്ചത്. ഏപ്രിൽ 19നു രാത്രി മോബിന്റെ ബന്ധുവിന്റെ മനസ്സമ്മതച്ചടങ്ങ് ആഘോഷിക്കാൻ മധുവും ലിന്റോയും മോബിനും ഉൾപ്പെടെയുള്ള സംഘം ആളൊഴിഞ്ഞ പാടശേഖരത്തിനു സമീപം മദ്യപിച്ചിരുന്നു. സംഘത്തിലെ മറ്റെല്ലാവരും പോയശേഷം മോബിനും ലിന്റോയും ചേർന്നു കഴുത്തിൽ കമ്പി ചുറ്റി മധുവിനെ കൊന്നെന്നാണു കേസ്. 

അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ചോദ്യം ചെയ്യാനും പോളിഗ്രാഫ് ടെസ്റ്റ് നടത്താനും പൊലീസ് വിളിച്ചതോടെ ലിന്റോ പോലീസിനു മുന്നിൽ കീഴടങ്ങുമെന്ന സ്ഥിതിയായി. മോബിന്റെ നിർദേശപ്രകാരം ലിന്റോ ജൂൺ 10 മുതൽ അടുത്തുതന്നെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.

കീഴടങ്ങുമെന്ന് ആവർത്തിച്ചതോടെ ജോഫിനുമൊത്ത് ഒളിസങ്കേതത്തിലെത്തിയ മോബിൻ ലിന്റോയെ അടിച്ചു കൊന്നുവെന്നു പോലീസ് പറയുന്നു. മോബിന്റെ മീൻവണ്ടിയിൽത്തന്നെ മൃതദേഹം ആളൊഴ‍ിഞ്ഞ പ്രദേശത്തെ റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നെന്നാണു പോലീസ് നിഗമനം. ജൂൺ 10നും 21നുമിടയിലാണു ലിന്റോയെ കൊന്നതെന്നു പോലീസ് പറയുന്നു. 

രണ്ടു കൊലപാതകങ്ങൾ നടത്താനും തെളിവുകൾ ഓരോന്നായി നശിപ്പിക്കാനും ‘ദൃശ്യം’ സിനിമ 17 തവണ കണ്ടു തയാറെടുപ്പുകൾ നടത്തിയിരുന്നതായി മോബിൻ പോലീസിനോടു പറ‍ഞ്ഞു.

മധുവിന്റെ കൊലപാതകം അന്വേഷിക്കാനുള്ള ആക്‌ഷൻ കൗൺസിലിൽ അംഗങ്ങളായ മോബിനും ലിന്റോയും പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയ്ക്കു മുൻനിരയിലുണ്ടായിരുന്നു. പോലീസ് പിടിക്കുമെന്ന ഘട്ടമായപ്പോൾ ആക്‌ഷൻ കൗൺസിലിൽ സമ്മർദം ചെലുത്തി കേസ് ക്രൈം ബ്രാഞ്ചിനു വിടണമെന്ന നിവേദനം നൽകാനും മോബിൻ മുൻകെ‌െയെടുത്തെന്നു പോലീസ് പറയുന്നു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. 

അതിനിടയിലാണു രണ്ടു പ്രതികളെയും ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ, ചെങ്ങന്നൂർ ഡ‍ിവൈഎസ്പി അനീഷ് വി.കോര എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.