Latest News

മതാധ്യാപകര്‍ക്ക്‌ മനഃശാസ്‌ത്ര പരിശീലനത്തിന്‌ സ്ഥിരം സംവിധാനം കാണും: മന്ത്രി കെ.ടി.ജലീല്‍

ദേളി: സംസ്ഥാനത്ത് മുഴുവന്‍ മതാധ്യാപകര്‍ക്കും സമഗ്ര മനഃശാസ്ത്ര പരിശീലനം നല്‍കുന്നതിന് ന്യൂനപക്ഷ വകുപ്പിന് കീഴില്‍ സ്ഥിരം സംവിധാനം കാണുമെന്ന് സംസ്ഥാന സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.[www.malabarflash.com]

ദേളി സഅദിയ്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് കരിപ്പൂര്‍ ഹജ്ജ് ഹൗസ് കേന്ദ്രീകരിച്ച് വര്‍ഷത്തിലൊരിക്കല്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനമാണ് ലക്ഷ്യമിടുന്നത്. സൈക്കോളജി, ഫിലോസഫി വിഷയങ്ങളില്‍ ട്രൈനിംഗ് നല്‍കി വിദ്യാര്‍ത്ഥികളുടെ പ്രതിഭയെ തട്ടിയുണര്‍ത്താന്‍ മതാധ്യാപകരെ പ്രാപ്തരാക്കും. ഇതിന്റെ പ്രായോഗിക വശം മത പണ്ഡിതരുമായി ചര്‍ച്ച ചെയ്യും. പരിശീലനത്തിന്റെ മുഴുവന്‍ ചെലവും ന്യൂനപക്ഷ വകുപ്പ് വഹിക്കും.
വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് അതിജീവിക്കാന്‍ സാധിക്കാത്ത കാലമാണ് വരാന്‍ പോകുന്നത്. സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം ഇനി ജീവിക്കാനാവില്ല. സ്വകാര്യ മേഖലയായാലും സര്‍ക്കാര്‍ മേഖലയായാലും സര്‍ട്ടിഫിക്കറ്റുകള്‍ എന്‍ട്രി പാസ് മാത്രമാണെന്ന് പ്രാപ്തിയും കഴിവും കൂടുതലുള്ളവരെയാണ് അവസരങ്ങള്‍ മാടിവിളിക്കുന്നത് മന്ത്രി പറഞ്ഞു.
  വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് വേണം കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍. രക്ഷിതാക്കള്‍ താത്പര്യമില്ലാത്ത കോഴ്സുകള്‍ വിദ്യാര്‍തഥികളില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് ചെയ്താലും അവസരങ്ങള്‍ ഇന്ന് ഏറെയുണ്ട്. അതിനിവേശ പോരാട്ടത്തിന്റെ ഭാഗമായി ഭൗതിക വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഒരു കാലത്ത് നമുക്ക് മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിന് സമൂഹം പിന്നീട് ഏറെ വില നല്‍കേണ്ടി വന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. 

അതില്‍നിന്നുള്ള മാറ്റമാണ് മത ഭൗതിക വിദ്യാഭ്യാസം ഒരേ കുടക്കീഴില്‍ നല്‍കിക്കൊണ്ട് ജാമിഅ സഅദിയ്യ അറബിയ്യ പോലെയുള്ള സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നത് വിദ്യാഭ്യാസ മേഖലയില്‍ സമൂഹത്തിന് കരുത്താര്‍ജ്ജിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഭൗതിക വിദ്യാഭ്യാസ മേഖലയില്‍ മറ്റു സമുദായത്തോടെപ്പം തന്നെ മുസ്ലിം സമുദായത്തിനും ഉയര്‍ന്ന് വരാന്‍ സാധിച്ചത് ഇത്തരം സ്ഥാപനങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ്.
ജാമിഅ സഅദിയ്യ അറബിയ്യയുടെ വിജയത്തിന്റെ പ്രധാന കാരണം മെച്ചപ്പെട്ട മാനേജ്മെന്റും നല്ല അധ്യാപക കൂട്ടായ്മയുമാണ്. സംസ്ഥാനത്ത് തന്നെ മാതൃകയാകുന്ന രൂപത്തില്‍ മത ഭൗതിക സമന്വയ രംഗത്ത് വളരെ നല്ല നിലയില്‍ മുന്നോട്ട് പോകാന്‍ സഅദിയ്യക്ക് സാധിച്ചിട്ടുണ്ട്. ചിന്താശീലരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സഅദിയ്യയുടെ സാനിദ്ധ്യം വളരെയേറെ സഹായകമായിട്ടുണ്ട്.
സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് സ്വാഗതം പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കെ.പി.സതീഷ്ചന്ദ്രന്‍, കല്ലട്ര മാഹിന്‍ ഹാജി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ.പി.എസ്.തങ്ങള്‍ ബേക്കല്‍, സയ്യിദ് ആലൂര്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് ഹിബതുള്ള തങ്ങള്‍, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എം.എ.അബ്ദുല്‍ വഹാബ്, മുഹമ്മദ് ഹനീഫ്, സൈദലവി ഖാസിമി, മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജി, ഷാഫി ഹാജി കീഴൂര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സി.എച്ച്.ഇഖ്ബാല്‍, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുണിയ അഹ് മദ് മൗലവി, അബ്ദുറഹ് മാന്‍ കല്ലായി, അബ്ദുല്ല സഅദി ചിയ്യൂര്‍, നാസര്‍ ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.