Latest News

വോട്ട് ചെയ്തില്ലെങ്കിൽ മുസ്‌ലിംകൾ ദുരിതമനുഭവിക്കേണ്ടി വരും: ബിജെപി നേതാവ്

ലക്നൗ: ഉത്തർ പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരിതം അനുഭവിക്കേണ്ടി വരുമെന്നുമുള്ള ഭീഷണിയുമായി ബിജെപി നേതാവ്.[www.malabarflash.com]

രണ്ടു സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കൗൺസിലർ റൺജീത് കുമാർ ശ്രീവാസ്തവയുടെ ഭീഷണി. അദ്ദേഹത്തിന്റെ ഭാര്യ ഷാഷി ശ്രീവാസ്തവ ഈമാസം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ തന്റെ ഭാര്യ വിജയിപ്പിച്ചില്ലെങ്കിൽ നിങ്ങൾ ഒട്ടേറെ ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായി.

ഈ ആഴ്ച ആദ്യമാണ് ശ്രീവാസ്തവ ഭാര്യയ്ക്കു വേണ്ടി പ്രചാരണത്തിനെത്തിയത്. യോഗി ആദിത്യനാഥ് സർക്കാരിലെ ധാരാ സിങ് ചൗഹാൻ, രമാപതി ശാസ്ത്രി എന്നിവരെ സദസ്സിലിരുത്തിയായിരുന്നു ശ്രീവാസ്തവ ഭീഷണി സ്വരത്തോടെ സംസാരിച്ചത്.

‘ഇത് സമാജ്‌വാദി സർക്കാരല്ല. നിങ്ങളുടെ ഒരു നേതാവിനും നിങ്ങളെ രക്ഷിക്കാനാകില്ല. ബിജെപിയെ എതിരിടാൻ ഇന്ന് മറ്റാരുമില്ല. ഞങ്ങളുടെ സ്ഥാനാർഥികളെ വിജയിപ്പിക്കണം. അല്ലെങ്കിൽ മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത കഷ്ടതകൾ പോലും ഇനി നിങ്ങൾക്ക് നേരിടേണ്ടിവന്നേക്കാം. ബിജെപിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്. മുസ്‍ലിംകളോട് ഞാൻ പറയുകയാണ്, ഞങ്ങൾക്കു വോട്ടു ചെയ്യുക. അപേക്ഷിക്കുകയല്ല. ഞങ്ങൾക്ക് വോട്ടു ചെയ്താൽ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാം. ഇല്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടിവരുകയെന്നതു സങ്കൽപ്പിക്കാൻ പോലുമാകില്ല – ശ്രീവാസ്തവ പറഞ്ഞു.

ഉത്തർ പ്രദേശിലെ ബരാബങ്കിയിലാണ് റൺജീത് കുമാർ ശ്രീവാസ്തവയുടെ ഭാര്യ ഷാഷി മൽസരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണിത്. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ശ്രീവാസ്തവ ഭീഷണിപ്പെടുത്തിയതല്ല. അദ്ദേഹം മുസ്‍ലിംകൾക്കുവേണ്ടി പ്രവർത്തിച്ചുണ്ടെന്ന കാര്യം ഓർമപ്പെടുത്തുകയായിരുന്നു. യാതൊരു വ്യത്യാസവുമില്ലാതെ അദ്ദേഹം മുസ്‍ലിംകളെ പിന്തുണച്ചിരുന്നു. എന്നാൽ 2012 ൽ അവർ അദ്ദേഹത്തിന് വോട്ടു ചെയ്തില്ലെന്നും ബിജെപി വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.