Latest News

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപമുള്ള സ്ഥലം വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു; കാസര്‍കോട് സ്വദേശി പിടിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്ത കേസില്‍ ഒരാളെ മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട്‌ പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ എം.കെ.മുഹമ്മദ് ഹാരിഫി(39)നെയാണ് എസ്.ഐ. കെ.രാജീവ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കീഴല്ലൂര്‍ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേര്‍ന്നുകിടക്കുന്ന 50 സെന്റ് സ്ഥലമാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തത്. 

പ്രവാസി വ്യവസായിയും കണ്ണപുരം സ്വദേശിയുമായ മോഹനന്‍ വാഴവളപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് തട്ടിയെടുത്ത് വില്‍പ്പന നടത്തിയത്. കണ്ണൂര്‍ സ്വദേശിയാണ് ഭൂമി തട്ടിപ്പിലെ സൂത്രധാരനെന്ന് പോലീസ് അറിയിച്ചു. 

വിദേശത്തുള്ള മോഹനനാണെന്നുകാണിച്ച് കണ്ണൂര്‍ സ്വദേശിയാണ് ആദ്യം ഭൂമി കൈക്കലാക്കിയത്. മോഹനന്റെ തിരിച്ചറിയല്‍ കാര്‍ഡും മറ്റുരേഖകളും വ്യാജമായി നിര്‍മിച്ചും ഫോട്ടോയില്‍ കൃത്രിമം കാണിച്ചുമായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പാണത്തൂരിലെ മുഹമ്മദ് ഹാരിഫിന് സെന്റിന് 80,000 രൂപയ്ക്ക് സ്ഥലം വില്‍ക്കുകയായിരുന്നു.

ഹാരിഫ് ഇരിട്ടി സ്വദേശിയും ബിസിനസുകാരനുമായ അബ്ദുള്ളയ്ക്ക് ഈ സ്ഥലം വിറ്റു. സെന്റിന് 80,000 രൂപയ്ക്ക് വിറ്റ് നാലുലക്ഷം രൂപ അഡ്വാന്‍സും ഹാരിഫ് വാങ്ങിയിരുന്നു. സ്ഥലം വാങ്ങിയയാള്‍ ജെ.സി.ബി. ഉപയോഗിച്ച് പ്രവൃത്തി തുടങ്ങിയപ്പോഴാണ് സ്ഥലം വില്‍പ്പന നടത്തിയ വിവരം നാട്ടുകാര്‍ അറിയുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് മോഹനനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് വ്യാജരേഖയുണ്ടാക്കിയാണ് സ്ഥലം വില്‍പ്പന നടത്തിയതെന്ന് തെളിഞ്ഞത്. തുടര്‍ന്ന് മോഹനന്റെ ബന്ധു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയടക്കം കേസില്‍ കൂട്ടുപ്രതികളായി എട്ടുപേരുണ്ടെന്നാണ് പോലീസ് നിഗമനം. ഇതേ രീതിയില്‍ ഇതിനടുത്ത 70 സെന്റ് സ്ഥലവും സംഘം തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ മുഹമ്മദ് ഹാരിഫ് ജൂവലറി കവര്‍ച്ചക്കേസിലും പ്രതിയാണ്. മറ്റുപ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.