ജോധ്പുര്‍: കാമുകനെ വിവാഹം കഴിക്കാന്‍ ഇസ്‌ലാം മതം സ്വീകരിച്ച യുവതിക്ക് നിയമ നടപടികള്‍ക്കൊടുവില്‍ ഭര്‍ത്താവുമായി പുനഃസ്സമാഗമം. ജോധ്പുര്‍ സ്വദേശി പ്യാഗല്‍ സാങ്‌വിയാണ് കാമുകന്‍ മുഹമ്മദ് ഫൈസിനെ വിവാഹം കഴിക്കുന്നതിന് മതം മാറിയത്.[www.malabarflash.com]
എന്നാല്‍ യുവതിയെ തട്ടികൊണ്ടുപോയി നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയതാണെന്ന് ആരോപിച്ച് പ്യാഗലിന്റെ വീട്ടുകാര്‍ രാജസ്ഥാന്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഒക്‌ടോബര്‍ 25 ന് പ്യാഗലിനെ തട്ടികൊണ്ടുപോവുകയും പീഡനത്തിനൊടുവില്‍ നിര്‍ബന്ധിച്ച് വിവാഹ ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നും പ്യാഗലിന്റെ സഹോദരന്‍ ചിരാങ് സാങ്‌വി കോടതിയെ അറിയിച്ചു. പ്യാഗലിന്റെ സഹപാഠിയായിരുന്ന ഫൈസ് പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇത് ലവ് ജിഹാദാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍ 10 വര്‍ഷത്തോളമായി ഇരു കുടുംബങ്ങളും തമ്മില്‍ പരിചയമുണ്ടെന്നും പ്യാഗലും ഫൈസും പ്രണയത്തിലായിരുന്നുവെന്നും ഫൈസിന്റെ അഭിഭാഷകന്‍ അറിയിച്ചു.
ഇരുവിഭാഗങ്ങളുടെ വാദവും കേട്ട കോടതി പെണ്‍കുട്ടിക്ക് 18 വയസു കഴിഞ്ഞതിനാല്‍ വിവേചനാധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് കോടതി ഹാജരാക്കിയ പ്യാഗലിന് സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.
No comments:
Post a Comment