തളങ്കര: കാണിക്കയും സ്‌നേഹ മന്ത്രവുമായി പാലക്കുന്ന് ശ്രീ ചീരുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും ക്ഷേത്ര സ്ഥാനികരും എത്തിയപ്പോള്‍ തളങ്കര മാലിക് ദീനാര്‍ ഉറൂസ് നഗരി മതമൈത്രിയുടെ വേദിയായി മാറി.[www.malabarflash.com]
തളങ്കര പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘത്തിന്റെയും തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പ ഭഗവതി ക്ഷേത്രത്തിന്റെയും ക്ഷേത്ര ഭാരവാഹികളും സ്ഥാനികരുമാണ് സൗഹൃദത്തിന്റെ പൂക്കള്‍ വിതറി തളങ്കര മാലിക് ദീനാര്‍ ഉറൂസ് നഗരിയില്‍ എത്തിയത്. കാണിക്കയുമായി എത്തിയ സ്ത്രീകളടക്കമുള്ള സംഘത്തെ ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പള്ളിക്കവാടത്തില്‍ സ്‌നേഹപൂര്‍വ്വം വരവേറ്റു.
സ്ഥാനികരായ നാരായണന്‍ കാരണവര്‍, കരിയന്‍ കാരണവര്‍, വിജയന്‍ ആയത്താര്‍ ,കൃഷ്ണന്‍ ആയത്താര്‍, രവി ചന്ദ്ര ആയത്താര്‍, ശങ്കര വെളിച്ചപ്പാട്, തളങ്കര പുലിക്കുന്ന് ഭഗവതി സേവാ സംഘം പ്രസിഡണ്ട് കൃഷ്ണന്‍ കുട്‌ലൂ, വൈസ്. പ്രസിഡണ്ട് രാമചന്ദ്രന്‍ കടപ്പുറം, ജോയിന്‍ സെക്രട്ടറി കുമാരന്‍ പുലിക്കുന്ന്, ഗണേഷന്‍ പാറക്കട്ട, ഉപദേഷ്ടാക്കളായ രാജന്‍ മടപ്പുര, ഭാസക്രന്‍ കെ.ടി. എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വരവേറ്റു.
സംഘം മാലിക് ദീനാര്‍ മഖ്ബറ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത മുശാവറ അംഗം ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, നെല്ലിക്കുന്ന് ഖത്വീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി, ഉറൂസ് കമ്മിറ്റി ഭാരവാഹികളായ കെ.എ മുഹമ്മദ് ബഷീര്‍, കെ.എം അബ്ദുല്‍ ഹമീദ് ഹാജി, ടി.എ ശാഫി, അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, പ്രമുഖ പ്രാസംഗികന്‍ കബീര്‍ ബാഖവി എന്നിവര്‍ ചൊവ്വാഴ്ച്ച ഉറൂസ് നഗരി സന്ദര്‍ശിച്ചു. പ്രസിഡണ്ട് യഹ്‌യ തളങ്കരയുടെ നേതൃത്വത്തില്‍ വരവേറ്റു.
No comments:
Post a Comment