Latest News

എം പി ഫണ്ട് വിനിയോഗത്തില്‍ പുരോഗതി 69.62 ശതമാനം ചെലവഴിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എം.പി.മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പി. കരുണാകരന്‍ എം പിയുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു.കെ അവലോകനം ചെയ്തു.[www.malabarflash.com]

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം. സുരേഷ്, ഫൈനാന്‍സ് ഓഫീസര്‍ സതീശന്‍ കെ. എന്നിവരും വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
16-ാം ലോകസഭാ കാലയളവില്‍ ജില്ലയില്‍ 14.47 കോടി രൂപയുടെ 216 പ്രവൃത്തികള്‍ക്ക് നാളിതുവരെയായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തികളില്‍ 6.47 കോടി രൂപയുടെ 109 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. 

ജില്ലയ്ക്ക് ലഭ്യമായ തുകയുടെ (10.39 കോടി രൂപ) 69.62 ശതമാനം തുകയും (7.24 കോടി രൂപ) ചെലവഴിച്ചതായി യോഗം വിലയിരുത്തി. അവശേഷിക്കുന്ന 107 പ്രവൃത്തികളില്‍ 2014-15, 2015-16, 2016-17 വര്‍ഷങ്ങളില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുളളതാണെന്നും അവയുടെ ബില്ലുകള്‍ ഒരു മാസത്തിനുളളില്‍ സമര്‍പ്പിക്കുവാന്‍ സാധിക്കുന്നതാണെന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
16-ാം ലോകസഭയുടെ 2017-18 വര്‍ഷത്തില്‍ നിര്‍ദ്ദേശിച്ചതും എസ്റ്റിമേറ്റ് നല്‍കിയിട്ടില്ലാത്തതുമായ മുഴുവന്‍ പ്രവൃത്തികളുടെയും എസ്റ്റിമേറ്റുകള്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കുവാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് യോഗം നിര്‍ദ്ദേശിച്ചു. പ്രവൃത്തികളുടെ നിര്‍വ്വഹണത്തില്‍ ജില്ലയില്‍ നല്ല പുരോഗതി കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നും പി. കരുണാകരന്‍ എം പി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.