Latest News

ഉദുമയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ തിലോത്തമയുടെ മരണം; പുനരന്വേഷണം വേണമെന്ന് കോടതിയോട് പോലീസ്

കാഞ്ഞങ്ങാട്: ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുറ്റിക്കോലിലെ തിലോത്തമ(44)യുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബേക്കല്‍ എസ്‌ഐ വിപിന്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ ഹരജി നല്‍കി. അഡീ. ഗവ. പ്ലീഡര്‍ എം ആശാലത മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.[www.malabarflash.com] 

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ഗോപാലകൃഷ്ണപിള്ള നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമാക്കാത്തതും ആന്തരീക അവയവത്തിന്റെ വിദഗ്ധ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാലും പുനരന്വേഷണം വേണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റിക്കോല്‍ ഞിരുവിലെ കണ്ണന്‍ അന്തിത്തിരിയന്റെയും ചിറ്റയിയുടെയും മകളും ഉദുമയിലെ ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയുമായ തിലോത്തമ(44)യെ 2013 ജൂണ്‍ 13ന് സന്ധ്യയോടെയാണ് ഉദുമയിലെ വാടക വീട്ടില്‍ പരിസരവാസികള്‍ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണപ്പെടുന്നതിന് തലേ ദിവസം കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്തുള്ള എമിറേറ്റ്‌സ് ഡ്രൈവിംഗ് സ്‌കൂളില്‍ തിലോത്തമ എത്തിയിരുന്നു. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ അമ്പലത്തറയിലെ എം പി അനിലുമായി യുവതി അടുപ്പത്തിലായിരുന്നു. അന്ന് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തെറ്റിപ്പിരിയുകയും ആളുകള്‍ നോക്കി നില്‍ക്കെ തിലോത്തമയെ അനില്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
മരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് മേജര്‍ ശസ്ത്രക്രിയക്ക് വിധേയയായ തിലോത്തമ തീര്‍ത്തും അവശയായാണ് ഉദുമയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിച്ചുപോയതത്രെ. വൈകിട്ട് 6.14 മണിക്ക് തിലോത്തമ കുറ്റിക്കോലിലെ അടുത്ത ബന്ധുവിനെ മൊബൈല്‍ഫോണില്‍ ബന്ധപ്പെടുകയും തനിക്ക് പീഢനമേറ്റ സംഭവം വിവരിക്കുകയും ചെയ്തിരുന്നു. അടിയേറ്റാണ് തിലോത്തമ മരിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറിന്റെ പേരില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
നേരത്തെ വെള്ളിക്കോത്ത് ഭര്‍തൃസമേതം താമസിച്ച തിലോത്തമ വിവാഹബന്ധം വേര്‍പെടുത്തി കൊവ്വല്‍പ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ കൂടെ അനിലുമുണ്ടായിരുന്നു. കാഞ്ഞങ്ങാട്ട് എമിറേറ്റ്‌സ് മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തിലോത്തമ പിന്നീട് ഉദുമയില്‍ സ്വന്തമായി ഹരിത മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ എന്ന സ്ഥാപനം തുടങ്ങിയതോടെയാണ് ഉദുമയിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറ്റിയത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തില്‍ വിഷം കഴിച്ചാണോ വിഷം സിറിഞ്ചുപയോഗിച്ച് ശരീരത്തില്‍ കുത്തിവെച്ചാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകാത്തതിനെ തുടര്‍ന്നാണ് വിദഗ്ധ പരിശോധനക്കായി ആന്തരീകാവയവങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയച്ചത്. എന്നാല്‍ കേസിന്റെ വിചാരണ ആരംഭിച്ചിട്ടും രാസപരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുകയോ മരണകാരണം സ്ഥിരീകരിക്കപ്പെടുകയോ ചെയ്യാത്തതിനാലാണ് ഇപ്പോള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.