തലശ്ശേരി: ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് അണ്ടലൂര്‍ കാവിലെ തിരുമുറ്റം കിളച്ചു അടിത്തറ ഒരുക്കുന്നതിനിടയില്‍ മണ്ണിനടിയില്‍ നിന്നും കണ്ടെടുത്ത ലോഹ വിഗ്രഹത്തിന് 250ഓളം വര്‍ഷത്തെ പഴക്കമുണ്ടെന്ന് അനുമാനം.[www.malabarflash.com]
വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പുരാവസ്തു ഗവേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പിച്ചളയില്‍ നിര്‍മ്മിച്ചതാണെന്നും തിരിച്ചറിഞ്ഞിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച നട്ടുച്ചയോടെയാണ് നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന ക്ഷേത്ര മുറ്റത്തെ മണ്ണ് നീക്കിയ ചാലില്‍ ഇരു കൈകളും ഇല്ലാത്ത വിഗ്രഹ രൂപം കാണപ്പെട്ടത്. ജോലിക്കാര്‍ക്ക് ലഭിച്ച പിച്ചള വിഗ്രഹം പിന്നീട് ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചതോടെ കാണാനും അഭിപ്രായങ്ങളിലൂടെ കൊമ്പുകോര്‍ക്കാനും നിരവധി ആളുകളെത്തി.
തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ക്ഷേത്ര കമ്മിറ്റി ദൈവ ഹിതമറിയാനായി ജ്യോതിഷിയെ സമീപിച്ചു.പയ്യന്നൂരിലെ ഗോപാലകൃഷ്ണ പണിക്കര്‍ നടത്തിയ പ്രശ്‌ന ചിന്തയില്‍ മണ്ണില്‍ നിന്നും കണ്ടെടുത്ത വിഗ്രഹ രൂപത്തിന് അശേഷം ചൈതന്യമില്ലെന്ന് തെളിഞ്ഞു.
പൂര്‍വ്വികര്‍ ആരോ ഉപേക്ഷിച്ചതാവാമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് മ്യൂസിയത്തിലേക്ക് മാറ്റാമെന്നും ജ്യോതിഷി പറഞ്ഞു.
ക്ഷേത്രത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പണിയാനിരിക്കുന്ന തൈയ്യം മ്യൂസിയത്തിലാവും വിഗ്രഹത്തിന്റെ സ്ഥാനം. ആണ്ടുത്സവം പടിവാതില്‍ക്കലെത്തി നില്‍ക്കെ വിശ്വാസികളെ ഏറെ ആശയക്കുഴപ്പത്തിലാക്കിയ വിഷയത്തിന് ഇതോടെ പരിഹാരമാവുകയാണ്.
No comments:
Post a Comment