തലശ്ശേരി: പ്രസവത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ വിവാദങ്ങള്‍ ഉയരവേ, സംഭവസമയം ഡ്യൂട്ടിയിലുണ്ടായ രണ്ട് നഴ്‌സുമാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.[www.malabarflash.com]
സ്റ്റാഫ് നഴ്‌സുമാരായ പി ഷിജിന, സി സിന്ധു എന്നിവരെ ഡി.എം.ഒ.നാരായണ നായ്കാണ് സസ്‌പെന്റ് ചെയ്തത്. ജനറല്‍ ആശുപത്രി സുപ്രണ്ട് പിയുഷ് നമ്പൂതിരിപ്പാടിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി 1960 ലെ കേരള സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരമാണ് നടപടിയെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
എന്നാല്‍ തങ്ങളുടേതല്ലാത്ത കുറ്റം ചുമത്തി നഴ്‌സുമാരെ ബലിയാടുകളാക്കിയെന്ന പരാതി സസ്‌പെന്റ് ചെയ്യപ്പെട്ട നഴ്‌സുമാരും അവരുടെ സംഘടനാ നേതൃത്വവും ഉന്നയിക്കുന്നുണ്ട്. വിഷയം സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികള്‍ ആശുപത്രി സുപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും അടക്കമുള്ളവരുമായി സംസാരിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാരും സഹപ്രവര്‍ത്തകരും പ്രത്യക്ഷ സമര പരിപാടി ഒഴിവാക്കി. സസ്‌പെന്‍ഷന്‍ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
രണ്ടാമത്തെ പ്രസവത്തിനായി മൂന്ന് ദിവസം മുന്‍പ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാങ്ങാട്ടിടം മാണിക്കോത്ത് വയലില്‍ പി. മനോജിന്റെ ഭാര്യ രമ്യ (30) ബുധനാഴ്ച പുലര്‍ച്ചെയാണ് ഗര്‍ഭസ്ഥ ശിശുവോടൊപ്പം മരണമടഞ്ഞത്.
തിങ്കളാഴ്ച രാത്രി ലേബര്‍ റൂമിലേക്കും പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയ രമ്യയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പുലര്‍ച്ചെ രണ്ടരയോടെ ചലനമറ്റ നിലയില്‍ ചെരിഞ്ഞു കിടക്കുന്നതാണത്രെ കണ്ടത്. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ജീവന്‍ രക്ഷിക്കാന്‍ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്ന വെന്നാണ് പിന്നീട് അറിയിച്ചത്.
ഇത് സംബന്ധിച്ച് രമ്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നഴ്‌സുമാരെ കുറ്റാരോപിതരാക്കിയത്.
ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തില്‍ തലശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. രമ്യയുടെ സഹോദരന്‍ റിജീഷിന്റെ പരാതി പ്രകാരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ കൂട്ടി ചേര്‍ക്കുമെന്ന് തലശ്ശേരി പോലീസ് പറഞ്ഞു.
No comments:
Post a Comment