Latest News

മേഘാലയയില്‍ കോണ്‍ഗ്രസില്‍നിന്ന് കൂട്ടരാജി

ഷില്ലോങ്: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ മേഘാലയയിലെ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി. മേഘാലയ നിയമസഭയിലെ അഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് മേഘാലയയിലെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി) യില്‍ ചേര്‍ന്നു.[www.malabarflash.com] 

ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ)ത്തിന്റെ ഭാഗമാണ് എന്‍പിപി. 

നിലവില്‍ കോണ്‍ഗ്രസ് ആണ് മേഘാലയയില്‍ ഭരണത്തിലിരിക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പുറമെ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരംഗവും രണ്ട് സ്വതന്ത്ര എം.എല്‍.എമാരും എന്‍.പി.പി.യില്‍ ചേര്‍ന്നിട്ടുണ്ട്.

മുന്‍ ഉപമുഖ്യമന്ത്രി റോവെല്‍ ലിങ്‌ദോയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് എന്‍.പി.പി.യില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് റോവെല്‍ ലിങ്‌ദോ വ്യക്തമാക്കി.

മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാംഗ്മയാണ് എന്‍പിപി പാര്‍ട്ടി രൂപവത്കരിച്ചത്. മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിലും പാര്‍ട്ടി പങ്കാളിയാണ്. 60 അംഗ മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2016 ല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരംഗത്തെ അച്ചടക്ക നടപടിയെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹം പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഇപ്പോള്‍ അഞ്ച് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ് അംഗബലം 24 ആയി കുറഞ്ഞു. ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി. രാജിവെച്ച അഞ്ച് എം.എല്‍.എ.മാരില്‍ നാലുപേര്‍ നേരത്തെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. ഇവരെ മുകുള്‍ സാംഗ്മ കഴിവില്ലെന്നാരോപിച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയവരാണ്.

15 വര്‍ഷമായി കോണ്‍ഗ്രസാണ് മേഘാലയയില്‍ അധികാരത്തിലിരിക്കുന്നത്. അടുത്ത തവണ ഭരണം പിടിക്കാന്‍ ബി.ജെ.പി ലക്ഷ്യമിട്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് മഴവില്‍ സഖ്യം രൂപവത്കരിച്ചിരുന്നു. തുടര്‍ന്ന് അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി. അടുത്ത മാര്‍ച്ചില്‍ മേഘാലയ, ത്രിപുര, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളില്‍ അധികാരം പിടിക്കുകയാണ് ബി.ജെ.പി ലക്ഷ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.