Latest News

മാലാഖയായി റോസമ്മ സിസ്റ്റര്‍ മുന്നിലെത്തി; സഹദേവനിത് പുനര്‍ജന്മം

കാഞ്ഞങ്ങാട്: തീവണ്ടി യാത്രക്കിടയില്‍ കാര്‍ഡിയാക് അറസ്റ്റ് വന്ന് മരണത്തോട് മല്ലടിച്ച യാത്രക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന റോസമ്മ സിസ്റ്റര്‍ക്ക് അഭിനന്ദന പ്രവാഹം.[www.malabarflash.com] 

വ്യാഴാഴ്ച പരശുറാം എക്‌സ്പ്രസില്‍ കോഴിക്കോട്ടേക്ക് പോയ യാത്രക്കാരന്‍ സഹദേവനെയാണ് ഈ മാലാഖക്കൈകള്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. 

ജില്ലാ ആസ്പത്രിയിലെ സ്റ്റാഫ് നേഴ്‌സായ കല്ല്യാണ്‍റോഡിലെ റോസമ്മ ഇതേ തീവണ്ടിയില്‍ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കണ്ണൂരില്‍ നിന്നാണ് സഹദേവനും ഭാര്യയും കയറിയത്. വടകരയെത്തിയപ്പോള്‍ തീവണ്ടിക്കകത്ത് നിന്നും ബഹളം കേട്ട സിസ്റ്റര്‍ ആദ്യം കാര്യമാക്കിയിരുന്നില്ല. പിന്നീട് ഇവിടെ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോയെന്ന് ഉറക്കെ ചിലര്‍ ചോദിക്കുന്നത് കേട്ടപ്പോഴാണ് ആര്‍ക്കോ എന്തോ സംഭവിച്ചതായി തോന്നിയത്. ഉടന്‍ റോസമ്മ ബഹളം കേട്ട സ്ഥലത്തേക്ക് പോയപ്പോള്‍ ഒരാള്‍ കുഴഞ്ഞ് വീണ് കിടക്കുന്നു. 

കാര്‍ഡിയാക് അറസ്റ്റാണെന്ന് മനസ്സിലാക്കിയ സിസ്റ്റര്‍ യാത്രക്കാരന്റെ പള്‍സ് പരിശോധിച്ചപ്പോള്‍ തീരെയില്ലാത്ത അവസ്ഥ. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷയായ സി.പി.ആര്‍ ചെയ്ത് കൊടുത്തപ്പോള്‍ രോഗി കണ്ണു തുറക്കാന്‍ തുടങ്ങി. അപ്പോഴേക്കും പള്‍സ് കൂടിവന്നു. തീവണ്ടി കൊയിലാണ്ടിയിലെത്തിയപ്പോള്‍ അടിയന്തിരമായി ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടെയുണ്ടായ ഭാര്യക്ക് ധൈര്യം ഉണ്ടായില്ല. എന്നാല്‍ കോഴിക്കോട്ട് തന്നെ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് യാത്ര തുടര്‍ന്നു. 

അതിനിടെ പല യാത്രക്കാരും കോഴിക്കോട്ടേക്ക് വിളിച്ച് സ്റ്റേഷനില്‍ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്തി. കോഴിക്കോട് എത്തിയതോടെ രണ്ട് പോലീസുകാരും സഹായത്തിനെത്തി. ഉടന്‍ തന്നെ പി.വി.എസ് ഹോസ്പിറ്റലിലെത്തിച്ചു.
റോസമ്മയും ആസ്പത്രിയിലേക്ക് കൂടെ പോയി. സഹോദരി ഭര്‍ത്താവിന് അടിയന്തിര ശസ്ത്രക്രിയയുണ്ടെന്ന് പറഞ്ഞ് മിംസ് ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടയിലാ ണ് മറ്റൊരു രോഗിയെ സഹായിച്ച് സിസ്റ്റര്‍ മാതൃകയായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.