Latest News

വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിച്ച് പിടികൂടി

തിരുവനന്തപുരം: വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗള്‍ഫിലേക്ക് രക്ഷപ്പെട്ട പ്രതിയെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് പിടികൂടി. നങ്ങ്യാര്‍കുളങ്ങര ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ സുരന്‍ (46) കൊല്ലപ്പെട്ട കേസില്‍ മുട്ടം സ്വദേശി സജിത്താ(37)ണ് അറസ്റ്റിലായത്.[www.malabarflash.com] 

തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയശേഷം വിദേശത്തേക്കു കടക്കുകയായിരുന്നു പ്രതി.

2015 ഓഗസ്റ്റ് 13-നാണ് ജലജയെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുരന്‍ വിദേശത്തായിരുന്നു. മക്കള്‍ ചൈന്നെയില്‍ വിദ്യാര്‍ഥികളും.

ജലജയുടെ അയല്‍വാസിയായ രാജുവിന്റെ അടുത്ത സുഹൃത്താണു സജിത്ത്. രാജുവിനെ വീട്ടില്‍ കാണാതിരുന്നതോടെ ജലജയുടെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ജലജയുടെ കാര്‍ സര്‍വീസിങ്ങിനു കൊടുക്കാന്‍ കൊണ്ടുപോകുമെന്നു രാജു പറഞ്ഞിരുന്നതിനാലാണ് അവിടേക്കുപോയത്.

ജലജ തനിച്ചാണെന്നറിഞ്ഞ സജിത്ത് അപമര്യാദയായി സംസാരിക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന് ഉന്തുംതള്ളുമുണ്ടായി. അതിനിടെ, തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമത്തിനിടെ സംഭവിച്ച കൊലപാതകമാണെന്നു തോന്നിപ്പിക്കാനായി ജലജയുടെ താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെടുത്തിരുന്നു.

ഒരു മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതി കുടുങ്ങാന്‍ ഇടയാക്കിയത്. ഈ മൊെബെല്‍ ഫോണ്‍ നമ്പര്‍ ക്രൈംബ്രാഞ്ചില്‍നിന്നു സജിത്ത് സമര്‍ഥമായി ഒളിച്ചുവച്ചിരിക്കുകയായിരുന്നു.

ലോക്കല്‍ പോലീസ് മൂന്നു മാസത്തോളം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ അന്വേഷണവുമാണു നിര്‍ണായകമാകേണ്ടിയിരുന്നത്. ആദ്യ മണിക്കൂറുകളില്‍ ശേഖരിക്കേണ്ടിയിരുന്ന നിര്‍ണായകമായിരുന്ന പല തെളിവുകളും നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

കൊലപാതകത്തിനുശേഷം പ്രതി വീടിന്റെ മുകള്‍നിലയിലെ ശൗചാലയത്തില്‍ കുളിച്ചതായി കണ്ടെത്തിയിരുന്നു. വീടുമായി ഏറെ അടുപ്പമുള്ളയാളാണു കൊലയാളിയെന്നു പോലീസ് നിഗമനത്തിലെത്തി.

പ്രതി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കുരച്ചില്ലെന്ന് അറിഞ്ഞതാണ് ഈ നിഗമനത്തിനു കാരണം. മോഷണശ്രമമെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണു നടന്നതെന്നു പോലീസ് സംശയിച്ചിരുന്നു. മാലയും പണവും നഷ്ടപ്പെട്ടെങ്കിലും ജലജ ധരിച്ചിരുന്ന കമ്മല്‍ നഷ്ടപ്പെടാതിരുന്നതാണ് പോലീസിനു സംശയം തോന്നിപ്പിച്ചത്. 

കൊലപാതകം നടന്ന വീട്ടില്‍നിന്നു മോഷണം പോയ മൊെബെല്‍ ഫോണ്‍ പിന്നീട് ഒരു പ്രാവശ്യം ഓണാക്കിയിരുന്നു. എന്നാല്‍, ഫോണ്‍ ഉപയോഗിച്ച ആളിനെപ്പറ്റി സൂചന ലഭിച്ചില്ല. കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് സുരന്‍ ആവശ്യപ്പെട്ടിരുന്നു. കൊലപാതകം നടന്ന വീട് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.