Latest News

ഹലാല്‍ ഫായിദ; സിപിഎമ്മിന്റെ പലിശരഹിത ബാങ്കിന് തുടക്കമായി

കണ്ണൂര്‍: സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണസഘം ഹലാല്‍ ഫായിദയെന്ന പേരില്‍ പലിശരഹിത ബാങ്കിന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാല്‍ ഫായിദ സഹകരണ സംഘം എന്ന പേരിലുള്ള സംരഭം ഉദ്ഘാടനം ചെയ്തത്.[www.malabarflash.com]

വിപുലമായ ക്യാന്‍വാസിലാണ് ഹലാല്‍ ഫായിദ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധമേഖലകളില്‍ ഒന്നിച്ച്
ഇടപെടാനാണ് തീരുമാനം. സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വായ്പയും സാങ്കേതിക സഹായവും സൊസൈറ്റി ലക്ഷ്യമിടുന്നു. ഇത് മാതൃകാപരമാണ്. ഒട്ടേറെ കാര്യങ്ങള്‍ ഒന്നിച്ച് ലക്ഷ്യമിടുമ്പോള്‍ അതിന്റേതായ കരുതലും ഉണ്ടാകണം.

'ഉദ്ദേശ്യം നല്ലതും ജനങ്ങള്‍ക്കിഷ്ടപ്പെടുന്നതുമാണ്. പക്ഷേ, അത് നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നത് നല്ലതാകും. ഇപ്പോഴത്തെ ഭരണസാഹചര്യം നോക്കി ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അനുകൂല നടപടി സ്വീകരിച്ചെന്നിരിക്കും. എന്നാല്‍, മറ്റാരെങ്കിലുമോ മറ്റൊരുസാഹചര്യത്തിലോ ഇത് നിയമപ്രകാരമാണോയെന്ന് പരിശോധിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നത് നന്നാവും' മുഖ്യമന്ത്രി പറഞ്ഞു.

പല സ്ഥാപനങ്ങളും വായ്പ കൂടി എടുത്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്. വായ്പയ്ക്ക് കൊടുക്കേണ്ടി വരുന്ന ഭീമമായ പലിശ വലിയ പ്രയാസം സൃഷ്ടിക്കും. പലിശകൊടുത്ത് സ്ഥാപനം നടത്താന്‍ പറ്റാത്ത സ്ഥിതിയാവും.

സാധാരണ നിലക്കുള്ള മിച്ചം കൊണ്ടുമാത്രം ഇത് മറികടക്കാനാവില്ല. അങ്ങനെ വരുമ്പോഴാണ് സാധാരണക്കാരന്റെ തലയില്‍ അധികഭാരം അടിച്ചേല്‍പിക്കപ്പെടുന്നത്.

രാജ്യത്തിന് പുറത്ത് പലിശ ഈടാക്കാതെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട്. അത്തരം സംരംഭങ്ങള്‍ ആലോചിച്ചപ്പോള്‍ ചിലര്‍ എതിര്‍പ്പുമായി വന്നു. ചില കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് തീരുമാനിച്ചവരായിരുന്നു ഇതിനുപിന്നില്‍. നേരത്തെ സംസ്ഥാനത്ത് കാര്‍ഷിക വായ്പയ്ക്ക് പലിശ കുറക്കാന്‍ തീരുമാനിച്ചപ്പോള്‍ നബാര്‍ഡ് ആണ് കര്‍ക്കശ നിലപാടെടുത്തത്്. കൃത്യമായ നിലപാട് സ്വീകരിച്ച് ഹലാല്‍ ഫായിദക്ക് മുന്നോട്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മേയര്‍ ഇ പി ലത അധ്യക്ഷയായി. കമ്പ്യൂട്ടര്‍ സ്വിച്ചോണ്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പി ജയരാജന്‍, കെ കെ രാഗേഷ് എംപി, ജോ. രജിസ്ട്രാര്‍ കെ കെ സുരേഷ്, അസി. രജിസ്ട്രാര്‍ എം കെ ദിനേശ്ബാബു എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് എം ഷാജര്‍ സ്വാഗതവും സി അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

പലിശ ഉപയോഗിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത വിഭാഗങ്ങള്‍ക്ക് സുരക്ഷിതമായി അവരുടെ സമ്പാദ്യം നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുക. സൊസൈറ്റി വിവിധ മേഖലകളില്‍ നടത്തുന്ന ബിസിനസില്‍നിന്ന് ലഭിക്കുന്ന ലാഭവിഹിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.