Latest News

അഴീക്കോട് ധനേഷ് വധം; രണ്ട് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം കഠിനതടവ്

തലശേരി: അഴീക്കോട് മീന്‍കുന്നിലെ സിപിഐ എം പ്രവര്‍ത്തകന്‍ പി ധനേഷിനെ (26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍രണ്ട് ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും.[www.malabarflash.com]

രണ്ടാംപ്രതി അഴീക്കോട് ആറാങ്കോട്ടം മുടത്തില്‍ പാറയില്‍ ഹൌസില്‍ എം പി പ്രജില്‍ (32), മൂന്നാംപ്രതി അഴീക്കോട് മന്ദരേപീടിക മുണ്ടച്ചാലിഹൌസില്‍ എം വിജിത്ത് (32) എന്നിവരെയാണ് അഡീഷനല്‍ ജില്ലസെഷന്‍സ് (മൂന്ന്) ജഡ്ജി കെ എസ് രാജീവ് ശിക്ഷിച്ചത്.

കൊലപാതകകുറ്റത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിന് പുറമെ മുപ്പതിനായിരം രൂപ വീതം പിഴയുമുണ്ട്. അന്യായമായി തടഞ്ഞുവെച്ചതിന് ഒരു മാസം കഠിനതടവും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ കൊല്ലപ്പെട്ട ധനേഷിന്റെ അച്ഛനും കേസിലെ പതിനാറാം സാക്ഷിയുമായ രവീന്ദ്രന് നല്‍കാനും കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാംപ്രതി അഴീക്കോട് ആറാങ്കോട്ടം മുടത്തില്‍പാറയില്‍ എ പി സ്വരൂപ് (30) ഒളിവിലായതിനാല്‍ വിചാരണ നടന്നില്ല.

കൊലയാളി സംഘത്തിലുണ്ടായിരുന്ന നാലുമുതല്‍ ഒമ്പത്വരെ പ്രതികളായ മീന്‍കുന്ന് ഓലച്ചേരിഹൌസില്‍ ശരത്ത്ബാബു (37), അഴീക്കോട് ഭണ്ഡാരപ്പുരയില്‍ പി പി ബിജോയ് (29), മീന്‍കുന്ന് ഇടുമ്പന്‍ഹൌസില്‍ ഇ ബൈജു (28), മുരിങ്ങേരി ഹൌസില്‍ വി എം ഷാഹിര്‍ (30), അഴീക്കോട് നീര്‍ക്കടവ് കുന്നിപ്പാന്‍ഹൌസില്‍ കെ പി കലേഷ് (32), അഴീക്കോട് മാണ്ടാങ്കന്‍ ഹൌസില്‍ എം വിനീഷ് (33) എന്നിവരെ വെറുതെവിട്ടു. |

ഡിവൈഎഫ്ഐ മീന്‍കുന്ന്‌ യൂനിറ്റ് പ്രസിഡന്റും മീന്‍കുന്ന് ഗോപാലന്‍ സ്മാരക മന്ദിരത്തിലെ യുവജനആട്സ് ആന്റ് സ്പോട്സ് ക്ളബ് പ്രവര്‍ത്തകനുമായിരുന്നു കൊല്ലപ്പെട്ട ധനേഷ്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക്വരുമ്പോള്‍ 2008 ജനുവരി 12ന് രാത്രി പത്തേകാലിന് മീന്‍കുന്ന് ബീച്ചിലേക്ക് പോവുന്ന വഴിയിലെ മുച്ചിറിയന്‍കാവിനടുത്തുവെച്ച് പതിയിരുന്നാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഒന്നാംപ്രതി സ്വരൂപും ശിക്ഷിക്കപ്പെട്ട പ്രജിലും വിജിത്തും ചേര്‍ന്ന് മഴുവും വടിവാളും ഉപയോഗിച്ച് കഴുത്തിനും നെഞ്ചത്തും വെട്ടുകയായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. ബൈക്കില്‍ ഒന്നിച്ചുണ്ടായിരുന്ന പ്രജീഷിനും പരിക്കേറ്റിരുന്നു. കണ്ണൂര്‍ ഭാരത് പെട്രോളിയം കമ്പനിയിലെ ടാങ്കര്‍ ലോറി തൊഴിലാളിയാണ് ധനേഷ്.

മുപ്പത്തൊമ്പത് സാക്ഷികളില്‍ 28പേരെ കോടതിമുമ്പാകെ വിസ്തരിച്ചു. 36രേഖകള്‍ പരിശോധിക്കുകയും അഞ്ച് തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു. ഇപ്പോള്‍ തലശേരി ഡിവൈഎസ്പിയായ പ്രിന്‍സ്അബ്രഹാം, സജേഷ്വാഴവളപ്പില്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. ടി ബി വിജയന്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഴീക്കോട് പ്രദേശത്തെ ആദ്യത്തെ രാഷ്ട്രീയകൊലപാതകമായിരുന്നു ധനേഷിന്റേത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ളിക്പ്രോസിക്യൂട്ടര്‍ അഡ്വ പി അജയകുമാര്‍ ഹാജരായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.