Latest News

യാസിർ വധക്കേസ് പ്രതിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളെ വെറുതെ വിട്ടു

മഞ്ചേരി: ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ തിരൂർ ആമപ്പാറക്കൽ യാസിറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി തിരൂർ ബി.പി. അങ്ങാടി തലക്കാട് പൂക്കൈത തിരുനിലത്ത് കണ്ടി രവീന്ദ്രനെ (35)വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു.[www.malabarflash.com] 

ഒൻപത് പ്രതികളുള്ള കേസിൽ വിചാരണക്ക് ഹാജരായ ആറുപേരുടെയും മേൽ കുറ്റം തെളിയിക്കാവുന്ന തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് മഞ്ചേരി ജില്ലാ രണ്ടാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

തിരൂർ മംഗലം കറുകപ്പറമ്പിൽ ആദിൽ (46)തിരൂർ തലക്കാട് ഉള്ളാട്ടിൽ സക്കീർ ഹുസൈൻ (45)തിരൂർ തലക്കാട് അലവി എന്ന അഹമ്മദ് നസീം (49)
നിറമരുതൂർ അലിഹാജിന്റെ പുരക്കൽ റഷീദ് (35)നിറമരുതൂർ അഴുവളപ്പിൽ ഇസ്മയിൽ (39)തിരൂർ കണ്ണങ്കുളം പുഴവക്കത്ത് യാഹു എന്ന ബാവ (47) എന്നിവരെയാണ് വെറുതെവിട്ടത്. 

കേസിലെ രണ്ടാം പ്രതി കാളാത്ത് മുഹമ്മദ് ജാസിം രണ്ടു മാസം മുമ്പ് മരണപ്പെട്ടിരുന്നു. നാലാം പ്രതി മീനടത്തൂർ മുഹമ്മദ് മുസ്തഫ, ഒൻപതാം പ്രതി കുറ്റിപ്പിലാക്കൽ കുഞ്ഞീതു എന്നിവർ വിചാരണക്ക് ഹാജരായിട്ടില്ല. എൻ.ഡി.എഫ് പ്രവർത്തകരാണ് പ്രതികൾ.

2007 ജനുവരി 20 ന് തിരൂർ തലക്കാട് ഗേൾസ് ഹൈസ്കൂളിനു മുമ്പിൽ വെച്ച് രാത്രി 8.15 ന് രവീന്ദ്രനെയും കൂടെയുണ്ടായിരുന്ന തിരൂർ കടവത്തിയേൽ ബാബുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. രവീന്ദ്രൻ കൊല്ലപ്പെട്ടു.

അഡ്വ. മാഞ്ചേരി കെ.നാരായണനെ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറായി കേസിൽ സർക്കാർ നിയമിച്ചിരുന്നു. പ്രൊസിക്യൂഷൻ 38 സാക്ഷികളെ വിസ്തരിച്ചു. 81 രേഖകളും 15 തൊണ്ടി മുതലും ഹാജരാക്കി.സംശയാതീതമായി കേസ് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി കണ്ടെത്തിയത്. അഡ്വ. സി.കെ.ശ്രീധരൻ, അഡ്വ.എം.പി അബ്ദുൽ ലത്തീഫ് എന്നിവരായിരുന്നു കേസിൽ പ്രതികൾക്കായി ഹാജരായത്.

പുതുതായി ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലെ വിരോധം കാരണം വർഷങ്ങൾ മുമ്പ് തിരൂർ ആമപ്പാറക്കൽ യാസിറിനെ(39) വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് 2007 ൽ കൊല്ലപ്പെട്ട തിരുനിലത്ത് കണ്ടി രവീന്ദ്രൻ. ഒൻപത് പ്രതികളായിരുന്നു യാസിർ വധക്കേസിൽ. മഞ്ചേരി ജില്ലാ സെഷൻസ്കോടതി വെറുതെവിട്ട കേസിൽ പിന്നീട് ഹൈക്കോടതി പ്രതികളെ ശിക്ഷിക്കുകയും അപ്പീലിൽ സുപ്രീംകോടതി ഒരുവർഷത്തിലേറെ മുമ്പ് പ്രതികളെ വീണ്ടും വെറുതെ വിടുകയും ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.