Latest News

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്മാര്‍ മരിച്ചു

റായ്പുര്‍: ഛത്തീസ്ഗഢിലെ സിആര്‍പിഎഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സിആര്‍പിഎഫ് ജവാന് ഗുരുതര പരിക്കേറ്റു.[www.malabarflash.com] 

സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.കെ ശര്‍മ, മേഘ് സിങ്, എ.എസ്.ഐ രാജ് വീര്‍, കോണ്‍സ്റ്റബിള്‍ ജി.എസ് റാവു എന്നിവരാണ് മരിച്ചതെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഗജാനന്ദ് എന്ന എ.എസ്.ഐക്കാണ് പരിക്കേറ്റത്.

ബിജാപൂരിലെ ബാസ്ഗുഡയിലുള്ള സിആര്‍പിഎഫിന്റെ 168 ബറ്റാലിയന്‍ ക്യാമ്പിലാണ് വെടിവെപ്പ് ഉണ്ടായത്. ക്യാമ്പിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ സനത് കുമാര്‍ എന്ന ജവാനാണ് വെടിവെപ്പ് നടത്തിയത്. സനത് കുമാറിനെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. പരിക്കേറ്റ ജവാനെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു വെടിവെപ്പെന്ന് ദന്തേവാഡ റേഞ്ച് ഐ.ജി സുന്ദര്‍ രാജ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എ.കെ 47 റൈഫിള്‍ ഉപയോഗിച്ചാണ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിവെപ്പ് നടത്തിയത്. നാല് ജവാന്മാരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

വെടിയേറ്റു മരിച്ച നാല് ജവാന്മാരില്‍ മൂന്നുപേരും വെടിവെപ്പ് നടത്തിയ സനത് കുമാറിനെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. വൈകീട്ട് ആറോടെ മൃതദേഹങ്ങള്‍ എംഐ 17 ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് സിആര്‍പി.എഫ് ക്യാമ്പില്‍നിന്ന് മാറ്റി. മാവോവാദികളെ നേരിടാന്‍ ഛത്തീസ്ഗഡില്‍ വിന്യസിച്ച സി.ആര്‍.പി.എഫ് ജവാന്മാരാണ് ക്യാമ്പിലുണ്ടായിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.