Latest News

കാസര്‍കോടിന്റെ നഷ്ടപ്പെട്ട സംഗീത പാരമ്പര്യം വീണ്ടെടുക്കണം.-പ്രഫ. എം. എ റഹ്മാന്‍

കാസര്‍കോട്. പാട്ടു പാടി സഞ്ചരിച്ചിരുന്ന സയ്യിദുമാരുടെ ഒരു ഉപസമൂഹം കാസര്‍കോടിന്റെ മണ്ണില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ജീവിച്ചിരുന്നു. കഴിഞ്ഞ തലമുറ വരെ അങ്ങിങ്ങ് നമുക്കവരെ കാണാമായിരുന്നു. ആ പാരമ്പര്യത്തിന്റെ കുറ്റിയറ്റു പോയതോടെയാണ് ഇവിടെ സാംസ്‌കാരിക വ്യതിചലനം സംഭവിച്ചതെന്നും മതസൗഹാര്‍ദ്ദത്തിന് പോലും ഉലച്ചില്‍ തട്ടിയതെന്നും പ്രഫ. എം.എ. റഹ് മാന്‍ പറഞ്ഞു.[www.malabarflash.com] 

തനിമ കാസര്‍കോട് സംഘടിപ്പിച്ച ചടങ്ങില്‍ എ എസ് മുഹമ്മദ്കുഞ്ഞിയുടെ ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്’ എന്ന ഹിന്ദി സിനിമാ സംഗീതത്തിന്റെ ഒരു സുവര്‍ണ്ണ കാലത്തെ അടയാളപ്പെടുത്തുന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതു വീണ്ടെടുക്കാനുള്ള ശ്രമമാണ് കാസര്‍കോട്ടെ എഴുത്തുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ടത്. എ. എസിന്റെ ഈ മേഖലയിലുള്ള ശ്രമത്തെ ചെറുതായി കാണാനാവില്ലെന്നും, കാസര്‍കോടിന്റെ സംഗീത പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിനു അത് പ്രയോജനകരമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ജി. ബി. വത്സന്റെ അദ്ധ്യക്ഷതയില്‍ ഡി.വൈ.എസ്.പി. (എസ്.എസ്.ബി). പി. ബാലകൃഷ്ണന്‍ നായര്‍ പുസ്തകം ഏറ്റുവാങ്ങി. ഹിന്ദി സിനിമാ സംഗീത നിരൂപകന്‍ ഡോ. ടി. ശശിധരന്‍ പുസ്തക പരിചയം നടത്തി. തനിമ സെക്രട്ടറി അബു ത്വാഈ സ്വാഗതം പറഞ്ഞു. കെ.ജി. റസാഖ്, നാരായണന്‍ പേരിയ, സി.എല്‍. ഹമീദ്, രാഘവന്‍ ബെള്ളിപ്പാടി, മുജീബ് അഹമദ്, ഇബ്രാഹിം ചെര്‍ക്കള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അഡ്വ. ബി.എഫ് അബ്ദുല്‍ റഹിമാന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, ബി.കെ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.