കാസര്‍കോട്: ഫെയ്‌സ്ബുക്ക് വഴി പരിചയം സ്ഥാപിച്ചു സ്വകാര്യ സ്‌കൂള്‍ അധ്യാപികയില്‍ നിന്നു 12.5 ലക്ഷം രൂപ അതിവിദഗ്ധമായി തട്ടിയെടുത്തു. ഓണ്‍ലൈനില്‍ മൂന്നു കോടി രൂപ സമ്മാനം അടിച്ചുവെന്നു വിശ്വസിപ്പിച്ചാണ് ബന്തടുക്ക പടുപ്പിലെ അധ്യാപികയുടെ പണം ആറുതവണകളായി തട്ടിയത്.[www.malabarflash.com]
ഡല്‍ഹി കേന്ദ്രമാക്കിയ വന്‍കിട സൈബര്‍ തട്ടിപ്പുസംഘത്തിന്റെ കെണിയാണിതെന്നാണ് സൂചന.
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജോണ്‍ ബ്ലാന്‍ക് പൗണ്ട് എന്നയാളാണ് പണം തട്ടിയെടുത്തത്. ഈ അക്കൗണ്ട് വ്യാജമാണെന്നാണ് പോലീസ് സംശയിക്കുന്നത്. നവംബര്‍ 17ന് ആണ് ഇയാളും അധ്യാപികയും ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നത്.
തുടര്‍ന്നു വാട്‌സാപ് നമ്പര്‍ നല്‍കുകയും അതുവഴി ചാറ്റ് തുടരുകയും ചെയ്തു. പിന്നീട് 35,000 പൗണ്ട് മൂല്യമുള്ള സമ്മാനം അടിച്ചിട്ടുണ്ടെന്നും ഇതിന്റെ തെളിവായി റിസര്‍വ് ബാങ്കിന്റെ പേരിലുള്ള ഇമെയില്‍ ഐഡിയില്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് അയയ്ക്കുകയും ചെയ്തു. വിശ്വാസം ഉറപ്പിച്ചു കമ്പനിയില്‍ നിന്ന് 50 കിലോ തൂക്കമുള്ള പായ്ക്കറ്റാണ് സമ്മാനമായി അയച്ചതെന്നും ഇതിന്റെ നികുതി അടയ്ക്കാനുള്ള തുകയാണെന്നും പറഞ്ഞാണ് അധ്യാപികയോടു പണം ആവശ്യപ്പെട്ടത്.
30,000 രൂപ ആദ്യം ആവശ്യപ്പെട്ടു. പിന്നാലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് അക്കൗണ്ട് നമ്പര്‍ നല്‍കി. ഇതിലേക്കാണു പണം നിക്ഷേപിച്ചത്. പിന്നീട് 85,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതും ചെയ്തപ്പോള്‍ നാലു തവണകളായി 11,32,000 രൂപ കൂടി നിക്ഷേപിച്ചു. ഒടുവില്‍ 11,35,000 രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു സംശയം തോന്നിയത്.
ആക്‌സിസ് ബാങ്ക്, കാനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പണമെല്ലാം പിന്‍വലിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നു കണ്ടെത്തി. എടിഎം വഴിയാണ് കൂടുതലും പണം പിന്‍വലിച്ചത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി തുക ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുമുണ്ട്.
തുക പിന്‍വലിച്ച എടിഎമ്മുകളിലെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി. ആദൂര്‍ സിഐ എം.എ.മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വഷിക്കുന്നത്.
No comments:
Post a Comment