Latest News

ഐഎസ്എല്‍: സി.കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

കൊച്ചി: നായക, വില്ലൻ വേഷങ്ങളിൽ മലയാളി താരങ്ങൾ നിറഞ്ഞുനിന്ന ഐഎസ്എൽ പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു ഗോള്‍ ജയം.[www.malabarflash.com]

മലയാളി താരം സി.കെ. വിനീത് 24–ാം മിനിറ്റിൽ നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം കുറിച്ചത്. മറ്റൊരു മലയാളി താരം റിനോ ആന്റോയുടെ പാസിൽനിന്നായിരുന്നു വിനീതിന്റെ ഗോൾ. 42–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മാർക്കസ് സിഫ്നിയോസിനെ ഫൗൾ ചെയ്ത അവരുടെ മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷ് ചുവപ്പുകാർഡ് കണ്ടതിനാൽ 10 പേരുമായാണ് നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ കളിച്ചത്. 

എതിരാളികളുടെ ആളെണ്ണം കുറഞ്ഞത് മുതലാക്കുന്നതിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് താരങ്ങൾ രണ്ടാം പകുതിയിൽ ഒട്ടേറെ ഗോളവസരങ്ങളാണ് പാഴാക്കിയത്. അരങ്ങേറ്റ മത്സരം കളിച്ച വെസ്ബ്രൗണാണ് കളിയിലെ ഹീറോ ഓഫ് ദി മാച്ച്.

വിജയത്തോടെ അഞ്ചു കളികളിൽനിന്ന് ആറു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കു കയറി. അഞ്ചു മൽസരങ്ങളിൽ മൂന്നാം തോൽവി വഴങ്ങിയ നോർത്ത് ഈസ്റ്റ് ആകട്ടെ, നാലു പോയിന്റുമായി എട്ടാം സ്ഥാനത്തു തുടരുന്നു. 

ഈ മാസം 22ന് ചെന്നൈയിൻ എഫ്സിക്കെതിരെ അവരുടെ നാട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം. ടീമിന്റെ സഹ ഉടമ കൂടിയായ സച്ചിൻ തെൻഡുൽക്കറും ഒപ്പം ഔദ്യോഗിക കണക്കനുസരിച്ച് 33,868 കാണികളും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയത്തിന് സാക്ഷിയായി ഗാലറിയിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.