കാസര്‍കോട്: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചും ശൂന്യതയില്‍ തറക്കല്ലിട്ട് രണ്ടു കോടി രൂപ പാഴാക്കാനുള്ള ഇടതു മന്ത്രിയുടെയും എം.എല്‍.എ.യുടെയും നിരുത്തരവാദപരമായ സമീപനത്തിനെതിരെയും പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി പ്രക്ഷോ ഭത്തിലേക്ക്.[www.malabarflash.com]
സമരത്തിന്റെ ആദ്യ ഘട്ടമായി ഡിസംബര്‍ ഏഴിന് രാവിലെ പത്ത് മണിക്ക് പള്ളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ എന്നിവര്‍ പ്രസംഗിക്കും.
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ അനുവദിച്ച 1.87 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് ഒക്ടോബര്‍ പതിമൂന്നിന് മന്ത്രി മേഴ്‌സി കുട്ടി അമ്മയാണ് തറക്കല്ലിട്ടത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മന്ത്രി തറക്കല്ലിട്ടത് കടുത്ത നിയമ വിരുദ്ധവും നിരുത്തരവാദ പരവുമാണ്. തറക്കല്ലിടല്‍ ചടങ്ങിനെത്തിയ മന്ത്രിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി മുസ് ലിം ലീഗ് നിവേദനം നല്‍കിയിരുന്നു.
ആരോഗ്യ വകുപ്പിന്റെ അധീനതയില്‍ വരാത്ത പക്ഷം റീ സര്‍വ്വേ നമ്പര്‍ 251/ 2ല്‍പ്പെട്ട സ്ഥലത്ത് തറക്കല്ലിടില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ ഇതിന് വിരുദ്ധമായാണ് നാഗമ്മ മുതല്‍ പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മന്ത്രി തറക്കല്ലിട്ടത്. ബി.ആര്‍.ഡി. സി വക അക്വയര്‍ ചെയ്ത് ആരോഗ്യ വകുപ്പിന് കൈമാറിയ രേഖ ഹാജരാക്കാതെ ഈ സ്ഥലത്ത് എങ്ങനെയാണ് ആസ്പത്രി കെട്ടിടം പണിയുകയെന്ന് തറക്കല്ലിടല്‍ ദിവസം യു.ഡി.എഫ് നേതാക്കള്‍ ചോദിച്ചിരുന്നു.
അക്വയര്‍ ചെയ്ത ഭൂമി കൈമാറിയ രേഖ ലഭ്യമായിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രിയും എം.എല്‍.എയും സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുകയാണെന്നും ഇവര്‍ക്ക് പദവികളില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ഇപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് പള്ളിക്കര ഗവ: ഹൈസ്‌കൂളിന് പിറകുവശത്തുള്ള റീസര്‍വ്വേ നമ്പര്‍ 247/ ഒന്ന് നമ്പറിലുള്ള സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങള്‍ സ്മാരക കെട്ടിടത്തിലാണ്. പരേതനായ എം. ഹംസ സംഭാവന ചെയ്ത സ്ഥലത്ത് 1973 ല്‍ മുസ് ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആ സ്പത്രി അസൗകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുകയാണ്.
ടൂറിസം സാധ്യതകള്‍ മനസ്സിലാക്കിയ ഈ സ്ഥലം ആരോഗ്യ വകുപ്പില്‍ നിന്നും കൈക്കലാക്കാന്‍ ഗ്രാമ പഞ്ചായത്ത് വഴി പത്തുവര്‍ഷം മുമ്പ് തന്നെ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സമീപിച്ചിരുന്നു. പകരമായി നാഗമ്മയുടെ സ്ഥലം അക്വയര്‍ ചെയ്തു നല്‍കുവാനും ആസ്പത്രി കെട്ടിടം പണിയാന്‍ 35 ലക്ഷം രൂപ വകയിരുത്താമെന്നും ബി.ആര്‍.സി.സിയും പഞ്ചായത്തും കരാറുണ്ടാക്കി. ആരോഗ്യ വകുപ്പും ടൂറിസം വകുപ്പും പരസ്പരം കൈമാറാത്തതും ഈ നീക്കം യാഥാര്‍ത്ഥ്യമായി.
പുതിയ സ്ഥലം ആരോഗ്യ വകുപ്പിന് ലഭ്യമാക്കുന്നതിന് മുമ്പേ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അവര്‍ അറിയുന്നതിന് മുമ്പേ മന്ത്രി തറക്കല്ലിട്ടത് ശരിയായ നടപടിയല്ല. തറക്കല്ലിടല്‍ ചടങ്ങ് വിജയിപ്പിക്കാന്‍ ഒക്ടോബര്‍ എട്ടിന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ തറക്കല്ലിടുന്നത് പഴയ സ്ഥലത്ത് തന്നെയാണെന്നാണ് പറഞ്ഞിരുന്നത്.
അതിനെക്കാള്‍ ഗൗരവമേറിയ കാര്യം ഇപ്പോള്‍ നിര്‍മ്മിക്കുന്ന ആസ്പത്രി കെട്ടിടത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് പഴയ സ്ഥലം ഉദ്ദേശിച്ചാണ്.
പത്രസമ്മേളനത്തില്‍ ഉദുമ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ , പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ് കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ട്രഷറര്‍ കെ.എം അബ്ദുല്‍ റഹിമാന്‍, പഞ്ചായത്ത് മെമ്പര്‍ പി.കെ. അബ്ദുല്ല സംബന്ധിച്ചു.
No comments:
Post a Comment