പടന്നക്കാട്: വട്ടംകറക്കിയ പരീക്ഷാ ഹാളില്‍ നിന്നും ജസീന വലതുകാല്‍ വെച്ച് കടന്നുചെന്നത് കതിര്‍മണ്ഡപത്തിലേക്ക്.[www.malabarflash.com]
പടന്നക്കാട് നെഹ്‌റു കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ജസീനയുടെ വിവാഹ മുഹൂര്‍ത്തം ഉച്ചക്ക് ഒരുമണിക്കായിരുന്നു. എന്നാല്‍ ജസീനയുടെ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് അവസാന വര്‍ഷ പരീക്ഷ തിങ്കളാഴ്ച രാവിലെ 9.20 മുതല്‍ 12.30 വരെയായിരുന്നു.
12.30ന് പരീക്ഷ കഴിഞ്ഞയുടന്‍ പ്രിന്‍സിപ്പല്‍ ഡോ. പി വി പുഷ്പജയുടെ നേതൃത്വത്തില്‍ സഹപാഠികളും അധ്യാപകരും കോളേജ് ജീവനക്കാരും പൂച്ചെണ്ട് നല്‍കി പരീക്ഷാ ഹാളില്‍ നിന്നും കതിര്‍മണ്ഡപത്തിലേക്ക് യാത്രയാക്കി.
കോളേജിന് പുറത്ത് കാത്തിരുന്ന രക്ഷിതാക്കള്‍ക്കൊപ്പം കാറില്‍ കയറിയ ജസീന നേരെ കതിര്‍മണ്ഡപത്തിലെത്തി.
ചെറുവത്തൂര്‍ തുരുത്തി ഓര്‍ക്കളത്തെ അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദിന്റെ മണവാട്ടിയായി.
വിവാഹദിനവും പരീക്ഷാ ദിവസവും ഒന്നിച്ചെത്തിയതോടെ ആദ്യമൊന്ന് അമ്പരന്നെങ്കിലും പരീക്ഷയെഴുതി ജീവിത പരീക്ഷയില്‍ വിജയം നേടാനുള്ള ഓട്ടത്തിലായിരുന്നു ജസീന. വിവാഹ തീയതി നേരത്തേ നിശ്ചയിക്കുകയും കല്യാണത്തിനുള്ള സകല ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ് പരീക്ഷയുടെ തീയ്യതി പുറത്തുവന്നത്. ഇതോടെ ബന്ധുക്കള്‍ അങ്കലാപ്പിലായെങ്കിലും ജസീന കുലുങ്ങിയില്ല.
2015-16 വര്‍ഷത്തില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ബിഎസ്‌സി പരീക്ഷയില്‍ മൂന്നാം റാങ്കോടെയാണ് നീലേശ്വരം ഓര്‍ച്ചയിലെ എം എസ് ഷാഹുല്‍ഹമീദ്- സി എച്ച് ജമീല ദമ്പതികളുടെ മകള്‍ സി എച്ച് ജസീന പാസായത്.
ബിഎസ്‌സിയില്‍ നേടിയ മൂന്നാം റാങ്ക് എംഎസ്‌സിയില്‍ ഒന്നാം റാങ്കാക്കി മാറ്റണമെന്ന ആത്മവിശ്വാസത്തോടെയാണ് വിവാഹ മുഹൂര്‍ത്തം പോലും പരിഗണിക്കാതെ നെഹ്‌റു കോളേജിലെ 25-ാം നമ്പര്‍ മുറിയിലിരുന്ന് ജസീന പരീക്ഷ എഴുതി തീര്‍ത്തത്.
പഠനത്തോടൊപ്പം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ജസീന 2015-16 വര്‍ഷം നെഹ്‌റു കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു.
No comments:
Post a Comment