കാഞ്ഞങ്ങാട്: കാര്‍ത്തിക നിത്യാനന്ദ കലാകേന്ദ്രം സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കലാകേന്ദ്രം പരിസരത്ത് സംഘടിപ്പിച്ച കബഡി ഫെസ്റ്റിനിടയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കുത്തേറ്റ ഒരാളുടെ നില ഗുരുതരം.[www.malabarflash.com]
കബഡി ഫെസ്റ്റ് കാണാനെത്തിയ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലാങ്കരയിലെ മിഥിലേഷി(25)നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥിലേഷിനോടൊപ്പമുണ്ടായിരുന്ന നിലാങ്കര സ്വദേശികളായ സഞ്ജയ് (19), അവിനാശ് (15), പ്രണവ് (15), വിഷ്ണു എന്ന അപ്പു (15) എന്നിവര്‍ക്കും പരിക്കേറ്റു.
അരയിയിലെ ബിനീഷ്, അക്കച്ചിബാബു, സായൂജ് എന്നിവരുടെ നേതൃത്വത്തിലാണ് തങ്ങളെ അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറയുന്നു.
സംഘര്‍ഷത്തിനിടയില്‍ വൈദ്യുതി നിലച്ചപ്പോള്‍ മിഥിലേഷിനെ കുത്തി വീഴ്ത്തുകയായിരുന്നുവത്രെ. സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബിനീഷിനെയും അക്കച്ചി ബാബുവിനെയും മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥിലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ അക്രമിച്ചതെന്ന് ഇവര്‍ പറയുന്നു.
അരയിലെയും നിലാങ്കരയിലെയും ക്ലബ്ബുകള്‍ തമ്മില്‍ നേരത്തെ തന്നെ പലയിടങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
സംഘര്‍ഷത്തിനിടയില്‍ കാണികള്‍ ഭയന്നോടുകയും കളി അലങ്കോലപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഈയിടെ നിലാങ്കരയില്‍ നടന്ന കബഡിഫെസ്റ്റിനിടയിലും ഇരു സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കാര്‍ത്തികയില്‍ നടന്ന സംഘര്‍ഷമെന്ന് പോലീസ് പറഞ്ഞു.
ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന കബഡിഫെസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് അലങ്കോലപ്പെട്ടതിനാല്‍ മത്സരം നിര്‍ത്തിവെച്ചു. ഇതിലൂടെ സംഘാടകര്‍ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
No comments:
Post a Comment