Latest News

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ പിന്നീട് വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്‌. പോലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. [www.malabarflash.com]

ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി.

2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. 

ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പോലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു.

അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള - തമിഴ്നാട് അതിര്‍ത്തിയില്‍നിന്ന് പോലീസ് പിടികൂടി. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്.

പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിന്റെ വിചാരണ കുറുപ്പംപടി കോടതിയില്‍നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.

യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.