Latest News

നബിദിനാഘോഷം പ്രകൃതിസൗഹൃദമാക്കുക: കാന്തപുരം

കോഴിക്കോട്: പ്രവാചക കല്‍പനകളെ ജീവിതത്തില്‍ പാലിക്കുന്ന വിശ്വാസികള്‍ പ്രകൃതിയെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു വേണം നബിദിനമാഘോഷിക്കാന്‍ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്തു.[www.malabarflash.com]

പരിസ്ഥിതിക്കു ആഘാതമാകുന്ന മനുഷ്യ ഇടപെടലുകളെ പ്രവാചകന്‍ മുഹമ്മദ് നബി(സ) നിരാകരിച്ചിട്ടുണ്ട്. പുഴയില്‍ നിന്ന് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും അനാവശ്യമായി ജലമുപയോഗിക്കരുത് എന്നാണു പ്രവാചകന്‍ പഠിപ്പിച്ചത്. വഴിയിലെ മാലിന്യങ്ങള്‍ നീക്കാന്‍, ഹൃദയവും ശരീരവും സദാ ശുദ്ധീകരിക്കാന്‍, മരം നട്ട് പ്രകൃതിക്ക് കാവലാകാന്‍ എല്ലാമാണ് നബി പരിശീലിപ്പിച്ചത്. അങ്ങനെ നാം ജീവിക്കുന്ന കാലത്തിന്റെ പ്രതിസന്ധികളായ പാരിസ്ഥിക ദുരന്തങ്ങള്‍, മലിനീകരണ പ്രശ്‌നങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍ എന്നിവയെയൊക്കെ പ്രവാചക മാതൃകകള്‍ പകര്‍ത്തി വിശ്വാസികള്‍ പ്രതിരോധിക്കണം. മദീനയെ ഗ്രീന്‍ സിറ്റിയാക്കി മാറ്റിയ മുഹമ്മദ് നബിയുടെ മാതൃക സ്വീകരിച്ചു നബിദിന പരിപാടികള്‍ പ്രകൃതി സൗഹൃദമാക്കണമെന്നു കാന്തപുരം പറഞ്ഞു.

നബിദിനം പരിസ്ഥിതി സൗഹൃദമാക്കാനുള്ള നിര്‍ദേശങ്ങള്‍:
പ്ലാസ്റ്റിക് തോരണങ്ങള്‍ ഒഴിവാക്കുക.
ഘോഷയാത്രയില്‍ മധുരപാനീയങ്ങള്‍ക്ക് പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍ ഒഴിവാക്കുക.
അമിത ശബ്ദം ഒഴിക്കാക്കുക
ഘോഷയാത്ര കഴിഞ്ഞു പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുക
വീടുകളില്‍ സ്ഥലസൗകര്യമനുസരിച്ചു വിവിധ കൃഷിരീതികള്‍ തുടങ്ങാനുള്ള ദിവസമാക്കി നബിദിനത്തെ തിരഞ്ഞെടുക്കാം
ആരാധനാലയങ്ങള്‍ക്കുംമദ്‌റസകള്‍ക്കും പരിസരത്തു മരം നടുക

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.