Latest News

ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചു; ആശുപത്രിക്കാരുടെ അനാസ്ഥയെന്ന് ആരോപണം

തലശ്ശേരി: ജനറൽ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചതിനെ തുടർന്ന് സംഘർഷം. പ്രതിഷേധക്കാർ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞു. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്തു വയൽ മനോജ് ഭവനിൽ മനോജിന്റെ ഭാര്യ രമ്യ(30)യാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. [www.malabarflash.com]

ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണു മരണത്തിനു കാരണമെന്നു ബന്ധുക്കൾ ആരോപിച്ചു. തുടർന്നു സംഘർഷമുണ്ടായി. പ്രതിഷേധക്കാർ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞുവച്ചു. പ്രസവ വാർഡിലെ ജീവനക്കാർ രാത്രിയിലുടനീളം മൊബെൽ ഫോണിലായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു.

സംഭവമറിഞ്ഞു എ.എൻ. ഷംസീർ എംഎൽഎ, നഗരസഭാ അധ്യക്ഷൻ സി.കെ. രമേശൻ, സിപിഎം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ എന്നിവർ ആശുപത്രിയിലെത്തി. എംഎൽഎയുടെ നേതൃത്വത്തിൽ രമ്യയുടെ ബന്ധുക്കളും നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സംഘർഷത്തിന് അയവു വന്നത്.

21നാണു രമ്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 25നു രാത്രി ഒൻപതിനു വേദനയനുഭവപ്പെട്ടതിനെത്തുടർന്നു പ്രസവ മുറിയിലേക്കു മാറ്റി. എന്നാൽ പുലർച്ചെ മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. രാത്രി രണ്ടു വരെ രമ്യ ആരോഗ്യവതിയായിരുന്നെന്നും 2.20ന് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നെന്നുമാണ് ആശുപ്രത്രി അധികൃതർ പറയുന്നത്.

സംഭവം എ.എൻ.ഷംസീർ എംഎൽഎ മന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നു മന്ത്രി ആശുപത്രി അധികൃതരിൽനിന്നു റിപ്പോർട്ടു തേടി. റിപ്പോർട്ടു കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മന്ത്രി അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.