Latest News

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: റിട്ട. അധ്യാപകന്‌ പത്തരവര്‍ഷം കഠിനതടവ്

തലശ്ശേരി: പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനായിരുന്ന പ്രതിയെ പത്തരവര്‍ഷം കഠിനതടവിനും 1,10,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.[www.malabarflash.com] 

ചെറുപുഴ തിമിരിയിലെ ജോസ് ജോസഫിനെ(59)യാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റത്തിന് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവനുഭവിക്കണം. 

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ആറുമാസം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴയടയ്ക്കുന്നില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

പീഡനത്തിനിരയായ പെണ്‍കുട്ടിയും വല്യമ്മയും വല്യപ്പനുമുള്‍പ്പെടെയുള്ള സാക്ഷികള്‍ വിചാരണവേളയില്‍ കൂറുമാറി. മെഡിക്കല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്റെ വാദമംഗീകരിച്ചാണ്, 

പെരുമ്പടവ് ബിഷപ്പ് വള്ളോപ്പിള്ളി ജൂബിലി സ്മാരക സ്‌കൂള്‍ റിട്ട. അധ്യാപകനായ ജോസ് ജോസഫിനെ ശിക്ഷിച്ചത്. 2011 നവംബര്‍ ആറിനാണ് കേസിനാസ്​പദമായ സംഭവം. സംഭവശേഷം പ്രതി നാട്ടില്‍നിന്ന് താമസംമാറ്റിയിരുന്നു. കേസ് പെട്ടെന്ന് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിചാരണവേളയില്‍ കൂറുമാറുകയായിരുന്നു.

സാക്ഷികള്‍ കൂറുമാറിയത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതിയുമായി കേസ് ഒത്തുതീര്‍പ്പാക്കിയതിനാലാണെന്ന് വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.