Latest News

കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

കണ്ണൂര്‍:കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. എതിരാളികളുടെ ശരീരത്തില്‍ പെട്ടന്ന് ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കുമെന്നതിനാലാണ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്താന്‍ കാരണമെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.[www.malabarflash.com]

നേരത്തെ നടന്ന ചില രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കൂടുതല്‍ ശക്തി പ്രയോഗിക്കാതെ തന്നെ മാരകമായി മുറിവേല്‍പ്പിക്കാന്‍ സര്‍ജിക്കല്‍ ബ്ലേഡുകൊണ്ട് സാധിക്കുമെന്നത് ഇതിന്റെ ഉപയോഗം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് ഇത് എളുപ്പത്തില്‍ കിട്ടുമെന്നതും അക്രമികള്‍ക്ക് സൗകര്യമാകുന്നു.

ഏതാനും ദിവസം മുമ്പ് അഴിക്കോട്ട് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മാരകമായി മുറിവേല്‍പിച്ചിരുന്നു. വയറില്‍ നീളത്തിലുണ്ടാക്കിയ മുറിവിനെ തുടര്‍ന്ന് കുടല്‍മാല പുറത്ത്ചാടിയിരുന്നു.
തലശേരിയിലെ ഒരു സി പി എം പ്രവര്‍ത്തകനെതിരെയും സര്‍ജിക്കല്‍ ബ്ലേഡ് പ്രയോഗിച്ചിരുന്നു.
ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് സര്‍ജിക്കല്‍ ബ്ലേഡ്. ഇത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ആയുധമാകുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കാനുള്ള തയാറെടുപ്പിലാണ് പോലീസ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.