Latest News

ബാങ്ക്‌ മാനേജര്‍ ചമഞ്ഞ്‌ അംഗണ്‍വാടി ടീച്ചറുടെ അക്കൗണ്ടില്‍ നിന്ന്‌ പണം തട്ടി

മഞ്ചേശ്വരം: ബാങ്ക്‌ മാനേജറാണെന്ന്‌ വിശ്വസിപ്പിച്ച്‌ അംഗണവാടി അധ്യാപികയുടെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌ പണം തട്ടിയെടുത്തു.
15-ാം വാര്‍ഡിലെ നല്ലങ്കി അംഗണവാടിയിലെ അധ്യാപിക വാസന്തിയുടെ അക്കൗണ്ടില്‍ നിന്നാണ്‌ 4000രൂപ തട്ടിയെടുത്തത്‌.[www.malabarflash.com] 

എസ്‌ ബി ടി ബാങ്ക്‌ മാനേജറാണെന്ന്‌ സ്വയം പരിചയപ്പെടുത്തി ഫോണില്‍ വാസന്തിയെ വിളിച്ചായിരുന്നു തട്ടിപ്പ്‌. അക്കൗണ്ട്‌ ബ്ലോക്കായിട്ടുണ്ടെന്നും. അതിനാല്‍ അക്കൗണ്ട്‌ നമ്പറും, ആധാര്‍ നമ്പറും ബ്ലോക്ക്‌ നീക്കുന്നതിനു ആവശ്യമുണ്ടെന്നും അറിയിച്ചായിരുന്നു ഫോണ്‍ വിളിച്ചത്‌. 

രണ്ടു നമ്പറുകളും ഉടന്‍ വാസന്തി അയാള്‍ക്കു നല്‍കുകയും ചെയ്‌തു. എന്നാല്‍ തൊട്ടുപിന്നാലെ 4000 രൂപ അക്കൗണ്ടില്‍ നിന്ന്‌ പിന്‍വലിച്ചതായി വാസന്തിയുടെ ഫോണില്‍ സന്ദേശമെത്തുകയായിരുന്നുവത്രെ. ഉടന്‍ വിളിച്ച നമ്പറില്‍ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ എടുത്തില്ല. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം എടുത്തുവെങ്കിലും, വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. 

ഇത്തരത്തില്‍ വോര്‍ക്കാടി പഞ്ചായത്തിലെ നിരവധി അംഗണ്‍വാടികളിലെ അദ്ധ്യാപകരെ ഫോണില്‍ വിളിച്ച്‌ ആധാര്‍ നമ്പറും, അക്കൗണ്ട്‌ നമ്പറും കൈവശപ്പെടുത്തിയതായും പരാതിയുയര്‍ന്നിട്ടുണ്ട്‌. 

14-ാം വാര്‍ഡിലെ അംഗണ്‍വാടിയിലെ അധ്യാപികയോടും ഇതേ രീതിയില്‍ തട്ടിപ്പിന്‌ ശ്രമിച്ചുവെങ്കിലും വിഫലമാവുകയായിരുന്നുവത്രെ. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണത്രെ തട്ടിപ്പിനു ശ്രമിച്ചത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.