കാസര്‍കോട്: ഡി.ജി.പിയുടെ ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കാതെ വാഹന പരിശോധന നടത്തി യാത്രക്കാരെ പീഡിപ്പിക്കുന്നുന്നത് കാസര്‍കോട്ട് തുടരുന്നു.[www.malabarflash.com]
മരണ വീട്ടില്‍ നിന്നും കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന യുവാവിനെ എസ്.ഐ വാഹനത്തില്‍ തലയിടിച്ച് പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ തലപൊട്ടി ചോര വന്നതോടെ കാറിലുണ്ടായിരുന്ന യുവാവിന്റെ വലിയുമ്മ ബോധം കെട്ടുവീണു. ഇരുവരെയും ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാവിന്റെ തലയില്‍ അഞ്ചു തുന്നലുകള്‍ ഇട്ടു.
ഞായറാഴ്ച രാവിലെ പത്തോടെ കുമ്പള അംഗഡിമുഗറിലാണ് സംഭവം. മണിയംപാറയിലെ ഒരു മരണ വീട്ടില്‍ പോയി തിരികെ വരുകയായിരുന്ന ചെര്‍ളടുക്കയിലെ സിറാജ്(33) ആണ് വാഹനപരിശോധന നടത്തുകയായിരുന്ന കുമ്പള അഡീഷണല്‍ എസ്.ഐ ദിവാകരന്റെ മര്‍ദ്ദനത്തിന് ഇരയായത്.
വാഹന പരിശോധന നടത്തുകയായിരുന്ന പോലിസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ കാര്‍ കൈകാട്ടി നിര്‍ത്തുകയും വാഹനങ്ങളുടെ രേഖകളുമായി എസ്.ഐയുടെ അടുത്തേക്ക് ചെല്ലാന്‍ സിറാജിനോട് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ സിറാജിന്റെ പിതാവ് എഴുപതുകാരനായ അബ്ദുല്ലയും, തൊണ്ണൂറുകാരിയായ വലിയുമ്മ അലീമയും, അറുപതുകാരിയായ ഖദീജയും മാത്രമാണ് സിറാജിനെ കൂടാതെ കാറിലുണ്ടായിരുന്നത്.
മരണ വീട്ടിലെത്തിയ അലീമക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിറാജ് കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലേക്കു തിരികെ പോവുകയായിരുന്നു. ഈ വിവരം പോലിസ് ഉദ്യോഗസ്ഥനോട് പറയുകയും അസുഖം കാരണം വിഷമിക്കുന്ന ആളുകളാണ് കാറിലുള്ളതെന്നും അത് കൊണ്ട് രേഖകള്‍ നിങ്ങള്‍ കാറിനടുത്ത് നിന്നും പരിശോധിക്കണമെന്നും ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ഈ വിവരം എസ്.ഐയോട് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് എസ്.ഐ കാറിനടുത്ത് വന്നു യുവാവിനെ വലിച്ചിറക്കി മര്‍ദിച്ചത്.
തനിക്കെന്താ കൊമ്പുണ്ടോയെന്നു എന്ന് ആക്രോശിച്ചാണ് എസ്.ഐ ഇയാളുടെ തലപിടിച്ചു വാഹനത്തിനു ഇടിച്ചതെന്നു സിറാജ് പറയുന്നു.
കാറിന്റെ രേഖകള്‍ മുഴുവനും കാണിച്ചെങ്കിലും കാര്‍ മോഷ്ടിച്ചതാണെന്നും മറ്റും പറഞ്ഞു വാഹനം കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമവും പോലിസ് നടത്തി. അതേ സമയം ഒരുമാസം മുമ്പാണ് താന്‍ കാര്‍ വാങ്ങിയതെന്നും ഇതിന്റെ ആര്‍.സി ബുക്ക് കിട്ടിയിട്ടില്ലെന്നും സിറാജ് പറയുന്നു. മറ്റു രേഖകള്‍ പോലിസ് ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ പിഴയടക്കണമെന്നു എസ്.ഐ ആവശ്യപ്പെടുകയും അത് അടക്കാമെന്നു സമ്മതിക്കുകയും ചെയ്തതിനു ശേഷമാണ് എസ്.ഐ തന്നെ മര്‍ദിച്ചതെന്ന് സിറാജ് പറഞ്ഞു.
മര്‍ദനമേറ്റു സിറാജിന്റെ തലപൊട്ടി രക്തം ഒലിക്കുന്നത് കണ്ട വലിയുമ്മ ബോധം കെട്ടുവീഴുകയും കാറിനകത്തുണ്ടായിരുന്ന മറ്റുള്ളവര്‍ നിലവിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന ആളുകള്‍ ഇടപെട്ടാണ് പരുക്കേറ്റ സിറാജിനെയും അലീമയെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവം പൊതു ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
No comments:
Post a Comment