Latest News

കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറ മോഷ്ടിച്ച ഏഴുപേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: കടുവകളുടെ കണക്കെടുപ്പിനായി മരുത വനത്തില്‍ സ്ഥാപിച്ച ക്യാമറ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഏഴുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. ഇവരില്‍നിന്ന് നാടന്‍തോക്കും തിരകളും കണ്ടെടുത്തു. മൂന്ന് പ്രതികള്‍ വിദേശത്തേക്ക് പോയി.[www.malabarflash.com] 

മരുത വെണ്ടേക്കുംപൊട്ടി കുന്നുമ്മല്‍ സ്മിനു ( 29), മരുത കടുക്കാശേരി ഷിജു (31), ചെമ്പന്‍ക്കുന്നത്ത് ഉണ്ണിക്കൃഷ്ണന്‍ (32), പുത്തൂര്‍ ജുനൈദ് (വെടി കുഞ്ഞാപ്പ 27), മണ്ണൂര്‍ക്കാട്ടില്‍ സുജേഷ് (32), തോരപ്പ റിയാസ് ബാബു (34), മുണ്ട ചിത്രംപള്ളി ഷാജഹാന്‍ (30) എന്നിവരാണ് പിടിയിലായത്. ആനപ്പട്ടത്ത് അബ്ദുള്‍ഗഫൂര്‍, നൗഷാദ്, തണ്ടപാറ ബാവ എന്നിവരാണ് ഗള്‍ഫിലുള്ളത്. സംഭവത്തിനുശേഷം മൂന്നുപേരും ഗള്‍ഫിലേക്ക് പോകുകയായിരുന്നു.

ബാവയാണ് തോക്കിന്റെ ഉടമ. തോക്ക് കൈവശംവെച്ചതിനാണ് റിയാസ് ബാബുവിന്റെയും ഷാജഹാന്റെയും പേരിലുള്ള കേസ്.

മരുത മണ്ണിച്ചീനി കൊക്കോ പ്ലാന്റേഷന് സമീപം വനംവകുപ്പ് കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറ 2017 ജൂണില്‍ 18-ന് കാണാതായിരുന്നു. നഷ്ടപ്പെട്ട ക്യാമറയുടെ അഭിമുഖമായി വെച്ച മറ്റൊരു ക്യാമറയില്‍ ടീ ഷര്‍ട്ടും തോക്കുമായി നീങ്ങുന്ന ഒരാളുടെ ദൃശ്യം ഉണ്ടായിരുന്നു. എന്നാല്‍ തലഭാഗം പതിഞ്ഞിരുന്നില്ല. എടക്കര, പോത്തുകല്ല്, പൂക്കോട്ടുംപാടം, നിലമ്പൂര്‍ പോലീസ്സ്‌റ്റേഷന്‍ പരിധിയില്‍ സ്ഥാപിച്ച ക്യാമറകളും നഷ്ടപ്പെട്ടിരുന്നു.

ക്യാമറ മോഷ്ടിച്ചതിന്റെ പിന്നില്‍ മാവോവാദികളാണെന്ന് സംശയിച്ചിരുന്നു. െഡപ്യൂട്ടി റെയ്ഞ്ചറുടെ പരാതിയില്‍ വഴിക്കടവ് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ക്യാമറയില്‍ക്കണ്ട ചിത്രത്തിന് മരുത വെണ്ടേക്കുംപൊട്ടി അബ്ദുള്‍ഗഫൂറിന്റെ രൂപസാദൃശ്യം ഉണ്ടായിരുന്നു. ഇതിനിടയില്‍ ഇയാള്‍ ഗള്‍ഫിലേക്കുപോയി. ഗഫൂറിന്റെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്മിനുവിനെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സ്ഥിരമായി വേട്ടയ്ക്ക് പോകാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു.

ജൂണ്‍ 14-ന് രാത്രിയില്‍ കാട്ടില്‍വെച്ച് ക്യാമറയുടെ ഫ്‌ളാഷ് ലൈറ്റ് മിന്നി. ക്യാമറയില്‍ പതിഞ്ഞെന്ന് സംശയിച്ചതിനെത്തുടര്‍ന്ന് സ്മിനു കേബിള്‍ കൊത്തിമുറിച്ച് ക്യാമറ തകര്‍ത്തു. ലോഹത്തില്‍ നിര്‍മിച്ച കൂട് പുഴയില്‍ എറിഞ്ഞു.

തോക്കും തിരകളും മുണ്ടയിലുള്ള ചിത്രംപള്ളി ഷാജഹാന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രതികളുടെ പേരില്‍ ആയുധ നിയമപ്രകാരമുള്ള വകുപ്പുകളും എക്‌സ്‌പ്ലോസീവ് വകുപ്പും ചേര്‍ത്താണ് കേസ് എടുത്തത്. വനംവകുപ്പും ഇവര്‍ക്കെതിരേ കേസ് എടുത്തു.

പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. എടക്കര സി.ഐ. അബൂദുള്‍ബഷീറിന്റെ നേതൃത്വത്തില്‍ വഴിക്കടവ് എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. എം. അസൈനാര്‍, എസ്.സി.പി.ഒ. അന്‍വര്‍ സാദത്ത്, സി.പി.ഒമാരായ എന്‍.പി. സുനില്‍, കെ. ജാബിര്‍, പി.സി. വിദോദ്, ബിനോബ്, സജേഷ് എന്നിലവര്‍ േചര്‍ന്നാണ് പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.