Latest News

പത്രങ്ങളിൽ സ്വന്തം ചരമവാർത്ത നൽകി ഒളിവിൽപോയ ജോസഫ് പിടിയിൽ

കോട്ടയം: ദിനപ്പത്രങ്ങളിൽ സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേൽ ജോസഫി(75)നെ കണ്ടെത്തി. കോട്ടത്ത് സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.[www.malabarflash.com]

ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം വീടുവിടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.

തിങ്കളാഴ്ച കോട്ടയം കാർഷിക വികസന ബാങ്കിലെത്തി സ്വർണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു.

ബാങ്കിൽ ചെന്ന ജോസഫ് ബാങ്ക് സെക്രട്ടറിയെ കണ്ടാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അയാളുടെ ഭാര്യയാണ് മേരിക്കുട്ടിയെന്നും ഇത് അയച്ചുകൊടുക്കണമെന്നുമാണ് സെക്രട്ടറിയോടു പറഞ്ഞത്.

ബാങ്കിൽ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിൻമാറിയില്ല. ഒടുവിൽ തളിപ്പറമ്പ് മേൽവിലാസം കണ്ടപ്പോൾ സെക്രട്ടറി തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ചു വിവരം പറഞ്ഞു. തുടർന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് സെക്രട്ടറി മനസിലാക്കുകയായിരുന്നു. വിവരം ചോദിച്ചയുടൻ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണു സ്വകാര്യ ലോഡ്ജിൽനിന്ന് ആളെ കണ്ടെത്തിയത്.

നവംബർ 29നാണ് ഇദ്ദേഹം വിവിധ പത്രങ്ങളുടെ പയ്യന്നൂരിലെ സബ് ഓഫിസുകളിൽ നേരിട്ടു ചെന്നു ചരമവാർത്തയും പരസ്യവും നൽകിയത്. അൽപം പഴയ ഫോട്ടോയാണ് കൈമാറിയത്. മുഖസാദൃശ്യം കണ്ടു സംശയം ഉന്നയിച്ചപ്പോൾ മരിച്ചതു തന്റെ ജ്യേഷ്ഠനാണെന്നും സംസ്കാരം തിരുവനന്തപുരത്തു വെള്ളിയാഴ്ച നടക്കുമെന്നുമാണു പറഞ്ഞത്.

ഭാര്യയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും പേരും കുടുംബ പേരും സഹിതമുള്ള പരസ്യത്തിൽ തിരുവനന്തപുരം ജഗതിയിലുള്ള മകന്റെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുമെന്നും സംസ്കാരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണെന്നും പറഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.