Latest News

ഗുജറാത്തിൽ വീണ്ടും ബിജെപി; ഹിമാചലിലും അധികാരം ഉറപ്പിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക് വരുന്നത്.[www.malabarflash.com]

വോട്ടെണ്ണലിൽ ഒരുഘട്ടത്തിൽ പിന്നിൽ പോയ ശേഷമാണ് ബിജെപി ലീഡ് തിരിച്ചു പിടിച്ച് ഭരണം നിലനിർത്തിയത്. നിലവിൽ 103 സീറ്റിൽ ബിജെപിയും 73 സീറ്റിൽ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. 182 സീറ്റുകളുള്ള ഗുജറാത്തിൽ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അതേസമയം, ബിജെപിക്ക് ഗുജറാത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. നഗരപ്രദേശങ്ങളിലും ദക്ഷിണ ഗുജറാത്തിലും മധ്യഗുജറാത്തിലുമാണ് ബിജെപിക്ക് നേട്ടമുണ്ടാക്കാനായത്.

കേന്ദ്രസർക്കാരിന്‍റെ ജിഎസ്ടിയും നോട്ട് പിൻവലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നൽകിയില്ല. ബിജെപിയുടെ പരന്പരാഗത വോട്ടുകളിൽ ചോർച്ചയുണ്ടായി. സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്.

എക്സിറ്റ്പോൾ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് വോട്ട് നില ഉയർത്തിയത്. ഗ്രാമപ്രദേശങ്ങളിൽ കോണ്‍ഗ്രസ് മുന്നേറ്റമാണ് ഉണ്ടായത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.

പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേലും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ഒബിസി നേതാവായ അൽപേഷ് താക്കുറും ബിജെപി കോട്ടകളിൽ വിളളൽ വീഴ്ത്തിയെന്നു തന്നെയാണ് ഫലസൂചനകൾ.

ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്കാണ് നീങ്ങുകയാണ്. ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. 45 സീറ്റിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 20 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ ലീഡ് കൈവിടാതെയാണ് ബിജെപി മുന്നേറിയത്. തിയോഗിൽ സിപിഎം സ്ഥാനാർഥി രാകേഷ് സിൻഹ വിജയിക്കുകയും ചെയ്തു.

നേരത്തേ, കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗിനെതിരേ നിരവധി അഴിമതിയാരോപണങ്ങളും ഉയർന്നിരുന്നു. ഈ അഴിമതിയാരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. പുതിയ പ്രസിഡന്‍റായി നിയോഗിതനായ ശേഷം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ആദ്യ പരീക്ഷണം കൂടിയായിരുന്നു ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.