പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ അല്‍ അസറില്‍ അസൈനാര്ഹാജിയുടെ മകന് നൗഫലിന് (40) പയ്യന്നൂരിൽ എത്തുന്നതിനു മുമ്പ് മര്‍ദനമേറ്റത് ചെറുവത്തൂരിൽ നിന്നാണെന്ന് പോലീസ്.[www.malabarflash.com]
ഇയാള്‍ പയ്യന്നൂരിലെത്തുമ്പോള്‍ മര്‍ദനമേറ്റ പരിക്കുകളുണ്ടായിരുന്നുവെന്ന മൊഴികളെത്തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച ആദ്യം ഇയാള്‍ കണ്ണൂരിൽനിന്നും മൈസൂരുവില്‍ പോയിരുന്നുവെന്ന് അന്വേഷണത്തില്‍ പോലീസിന് കണ്ടെത്തിയിരുന്നു. മൈസൂരുവിൽനിന്നും തിരികെയുള്ള യാത്രയ്ക്കിടെ ചെറുവത്തൂരിലിറങ്ങിയിരുന്നുവെന്നും അവിടെവച്ച് മര്ദനമേറ്റുവെന്നുമാണ് പോലീസ് പറയുന്നത്.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യത്തില്‍ ഇയാള്‍ ഹോട്ടലിലെ ചാക്കുകള്‍ക്കിടയില്‍ എന്തോ തെരയുന്ന ദൃശ്യം പതിഞ്ഞിരുന്നു.
ഇവിടെ വച്ച ബിയര്‍ കുപ്പി കാണുന്നില്ലെന്നാണ് തെരച്ചിലിനിടയില്‍ നൗഫല്‍ പറഞ്ഞതെന്ന ഹോട്ടലുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചെറുവത്തൂരില്‍നിന്നും ട്രെയിൻ കയറിയ ഇയാള്‍ കണ്ണൂരാണെന്ന ധാരണയില്‍ പയ്യന്നൂരിലിറങ്ങിയതാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്.
ചെറുവത്തൂരിൽവച്ചുണ്ടായ മര്‍ദനത്തില്‍ തലയ്ക്ക് അടിയേറ്റിരിക്കാമെന്നും ഇതോടെയാണ് സ്ഥലകാലഭ്രമം സംഭവിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. ഈ കണ്ടെത്തലോടെ പോലീസ് ചെറുവത്തൂരില്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.
പോലീസിന് ലഭിച്ച നൗഫലിന്റെ സിം കാര്‍ഡിന്റെ കാലാവധി കഴിഞ്ഞെങ്കിലും മറ്റൊരു സിംകാര്ഡുകൂടി ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന സൂചന സംബന്ധിച്ച പോലീസിന്റെ അന്വേഷണം മൈസൂരുവിലാണ് എത്തിനിന്നത്. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഇയാളുപയോഗിച്ചിരുന്ന ഫോണിന്റെ സ്ഥാനം മൈസൂരുവിലാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് പോലീസ് മൈസൂരുവിലും അന്വേഷണം നടത്തിവരുന്നത്.
കഴിഞ്ഞ ഒൻപതിന് രാവിലെ ആറോടെയാണ് നൗഫലിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാഴ്സല്‍ ഗേറ്റിനരികില്‍ കൊല്ലപ്പെട്ടനിലയില്‍ കാണപ്പെട്ടത്. പയ്യന്നൂര്‍ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്.
No comments:
Post a Comment