Latest News

മുജാഹിദ് സംസ്ഥാന സമ്മേളനം; വിശദീകരണവുമായി പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍, രൂക്ഷ വിമര്‍ശനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍

മലപ്പുറം: മുജാഹിദ് ഒന്‍പതാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ രംഗത്തെത്തി. സമ്മേളനത്തില്‍ പള്ളി, വഖഫ്, മദ്റസ സെഷനിലാണ് റഷീദലി തങ്ങള്‍ പങ്കെടുക്കുന്നത്. [www.malabarflash.com]

എന്നാല്‍ ഇതിനെതിരെ എസ്.കെ.എസ്.എഫില്‍നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്ന സഹചര്യത്തിലാണ് തങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇത് യോജിപ്പിന്റെ വഴികളിലാണ് ശക്തിയെന്നും വെറുപ്പിന്റെ വഴികള്‍ സ്വീകരിക്കരുതെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. മുജാഹിദ് സംഘടന പിളര്‍ന്ന സമയത്ത് ഇരുവിഭാഗം മുജാഹിദുകള്‍ തമ്മില്‍ പാണക്കാട് നടന്ന ലയന ചര്‍ച്ചകളെയും തങ്ങള്‍ അനുസ്മരിക്കുന്നു.

അതിനിടെ വ്യാഴാഴ്ച തുടങ്ങാനിരിക്കുന്ന മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച വഖഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന നേതാവുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളോട് ചോദ്യങ്ങളുമായി വീണ്ടും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ രംഗത്തെത്തി.

സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ വാഗ്വാദത്തിന് മരുന്നിട്ടിരിക്കുകയാണ് റഷീദലി തങ്ങളെ അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും കുറിപ്പുകളും കമന്റുകളും. എസ്.കെ.എസ.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഗള്‍ഫ് സത്യധാര എഡിറ്റര്‍ മിദ്ലാജ് റഹ്മാനി എന്നിവരാണ് റഷീദലി തങ്ങളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

റഷീദലി തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വെറുപ്പിന്റെ വഴികളിലല്ല, യോജിപ്പിന്റെ ഇടങ്ങളിൽ തന്നെയാണു ശക്തി
ആശയപരമായ വിയോജിപ്പുകൾക്കിടയിലും, പൊതുവായി ഐക്യപ്പെടാവുന്ന മേഖലകളിലൊക്കെ മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുൻപെങ്ങുമില്ലാത്ത വിധം കാലഘട്ടം ഉറക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

ലോകാടിസ്ഥാനത്തിൽ തന്നെ മുസ്ലിംകളെയും മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തേയും ശിഥിലമാക്കാനുള്ള ആസൂത്രിതപദ്ധതികൾ നടന്നുകൊണ്ടിരിക്കുമ്പോൾ, മതേതര ഇന്ത്യയിൽ മുസ്ലിം പേരും കോലവും വിശ്വാസവും ഒക്കെ നിഷ്‌കരുണം കൊലചെയ്യപ്പെടാനുള്ള സംഘ് പരിവാർ മാനദണ്ഡങ്ങളായിക്കൊണ്ടിരിക്കുമ്പോൾ, മലയാളമണ്ണിലേക്കും അതിമതത്തിന്റെ വിഷക്കാറ്റ് മെല്ലെ വീശാൻ തുടങ്ങുന്നുവെന്ന് ഭയക്കേണ്ട കാലത്ത് സമുദായം ഒന്നിച്ചിരുന്ന് പൊതുവായ വിഷയങ്ങളിലും ചർച്ചകളിലും ഒക്കെ യോജിപ്പിന്റെ രേഖ തേടേണ്ടതും ,വിശ്വ കീർത്തി നേടിയ സാമുദായിക സാഹോദര്യത്തിനു കാവലേകേണ്ടതും വലിയ ദൗത്യമാണ്.

അതിനുള്ള ശ്രമങ്ങൾക്കാണു കാലം കാതോർക്കുന്നത്, വിഘടിച്ച് ഇരുചേരികളിൽ നിന്ന് ആശയ/ സംഘടനാ വിയോജിപ്പുകളാൽ പോർവിളികളുയർത്തേണ്ടവരല്ല സമുദായം, മറിച്ച് പരമാവധി യോജിപ്പിന്റെ വഴികൾ കാണേണ്ടവർ തന്നെയാണ്. ആശയ നൈർമ്മല്യത്തിലൂടെയും വിശ്വാസാനുഷ്ടാനങ്ങളുടെ തനത് വഴികൾ പഠിപ്പിക്കുന്നതിലൂടെയും കേരളീയ മുസ്ലിം പരിസരത്ത് സാർത്ഥകമായ പ്രവർത്തനങ്ങളുമായി നൂറ്റാണ്ടോടടുക്കുന്ന ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യതുൽ ഉലമായുടെ ക്രാന്തദർശ്ശികളായ നേതൃനിരയും സമുദായ രാഷ്ട്രീയ സംഘചേരിയുടെ നേതൃത്വവും ആഗ്രഹിച്ചതും ആഹ്വാനം ചെയ്തതും ഉമ്മത്തിന്റെ പൊതുവായ വിഷയങ്ങളിൽ ഇത്തരം ഏകതാബോധത്തിൽ നിന്നു കൊണ്ടുള്ള നിലപാടുകളാണ്.

പ്രിയപ്പെട്ട വല്ല്യുപ്പ പി.എം.എസ്.എ പൂക്കോയതങ്ങളുടെ കാലത്തു തന്നെ ആദർശപരമായി ഭിന്നിച്ച് നിൽക്കുന്നവരെ കൂട്ടിയിരുത്താനും വിഷയങ്ങളുടെ പ്രസക്തിക്കും ദൗരവത്തിനുമനുസൃതം ചർച്ചാ വേദികളുണ്ടാക്കാനുമുള്ള എത്രയോ വിജയിച്ച ശ്രമങ്ങളുണ്ടായിട്ടുണ്ട്. സമസ്തയുടെ പോഷകഘടകങ്ങളുടെ ഉന്നതസാരഥ്യത്തിലിരിക്കുമ്പോഴും ചേരിതിരിവുകൾ വലിച്ചെറിഞ്ഞ് യോജിക്കാൻ കഴിയുന്ന മേഖലകളിലൊക്കെ ഒന്നിച്ച് നിൽക്കണമെന്ന വലിയ സന്ദേശം നൽകുന്ന നീക്കങ്ങളനേകാമായിരുന്നു.

മൂത്താപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ശംസുൽ ഉലമായും ഒക്കെ ഐക്യ ശ്രമങ്ങൾക്ക് ജീവിതം സമർപ്പിച്ചവരായിരുന്നുവല്ലോ. മുജാഹിദ് സംഘടനയിലെ ഒരു തർക്കത്തിന്റെയോ പിളർപ്പിന്റെയോ സമയത്ത്, ഉപ്പ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമ്മാനായിരിക്കെ ഇരു വിഭാഗം മുജാഹിദ് നേതാക്കളും വീട്ടിൽ വന്ന് ഒരു മേശക്ക് ചുറ്റും പരിഹാര ചർച്ചക്കായി ഇരുന്നത് ഇന്നുമോർക്കുകയാണ്. ഉപ്പയും അന്നത്തെ മുജാഹിദ് നേതാക്കളും സംഘടനാപരമായ വിയോജിപ്പുകൾക്കപ്പുറത്ത് ചിന്തിച്ചത്, ഒരു മുസ്ലിം സംഘടന/കൂട്ടായ്മ എന്ന നിലയിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ട് ഐക്യപ്പെടണം എന്നാണു.

കാലം ഒരുപാട് മാറി, ഇന്ത്യയിലെ മുസ്ലിംകൾക്ക് ഇന്ന് നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള സാഹചര്യമാണു. മുൻപത്തേക്കാളും വലിയ രീതിയിലുള്ള ഐക്യ ചർച്ചകളും ശ്രമങ്ങളും ഉണ്ടാവേണ്ടത് കാലമാവശ്യപ്പെടുന്ന ഇടപെടലാണു. വളഞ്ഞിട്ടാക്രമിക്കപ്പെടുമ്പോൾ ഭിന്നതകൾ മറന്ന് ഒന്നിക്കേണ്ടവരനു നാം.

മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന 'പള്ളി ,മദ്രസ, മഹല്ല് സമ്മേളന'ത്തിലേക്ക് ക്ഷണിക്കപ്പെട്ടത് കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിലാണു. പള്ളി മദ്രസ തുടങ്ങിയ വഖഫ് സംവിധാനങ്ങളെയും മഹല്ല് സമ്പ്രദായത്തേയും ഒക്കെ കുറിച്ചുള്ള ചർച്ചാ സെഷന്റെ ഉദ്ഘാടകനായി കൊണ്ട്.

വഖഫ് സ്വത്തുവകകളുമായും ഇടപാടുകളുമായും ബോർഡിന്റെ വിവിധ വിഭ്യഭ്യാസ  സ്‌കോളർഷിപ്പ്  ക്ഷേമ പ്രൊജക്ടുകളുമായും ഒക്കെ ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളും അത്തരം സിമ്പോസിയങ്ങളിൽ ചർച്ചക്ക് വരേണ്ടതാണ്.ശക്തമായ ആദർശ്ശ വിയോജിപ്പിനിടയിലും ക്ഷണം സ്വീകരിക്കുന്നത് കാലങ്ങളായി കൊടപ്പനക്കൽ കുടുംബം നടത്തുന്ന ഐക്യ ശ്രമങ്ങൾക്ക് ജനം ചാർത്തുന്ന ഹൃദയാംഗീകാരത്തിനും പ്രാർത്ഥനക്കും കടപ്പാട് കാട്ടണം എന്നുള്ളത് കൊണ്ടുകൂടിയാണു..

ജഗപാലകൻ ഏവർക്കും നന്മ വരുത്തുകയും, വീട്ടകങ്ങളിലും സമൂഹത്തിലും മഹല്ലുകളിലും രാജ്യത്തും ഐക്യവും സമാധാനവും നിലനിർത്തുകയും ചെയ്യട്ടെ...സത്താർ പന്തലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഫാഷിസം രാക്ഷസ ഭാവത്തോടെ വരുമ്പോൾ സമുദായം എല്ലാം മറന്നു ഒന്നിക്കണമെന്ന അഭിപ്രായം കേൾക്കാൻ നല്ല സുഖമാണ്. ആര് ഒന്നിപ്പിക്കും എങ്ങനെ ഒന്നിപ്പിക്കും എന്നതാണ് പ്രശ്‌നം. ഒരു ഭാഗത്ത് അബൂ ജഹലിനെക്കാൾ വലിയ ബഹുദൈവ വിശ്വാസികൾ എന്ന് ആരോപിക്കപ്പെടുന്ന സുന്നികൾ.

മറുഭാഗത്ത് 916 പ്യൂരിറ്റി തൗഹീദ് അവകാശപ്പെടുന്ന വിവിധ ജാതി മുജാഹിദുകൾ... സുന്നികളെ മു്‌സ്ലിംകളായി കാണാൻ പോലും ഒരുക്കമല്ലാത്ത വരെ എല്ലാം മറന്നു കെട്ടിപ്പിടിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.
എന്നാൽ ഈ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു കൂട്ടരുണ്ട്. സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന വിവിധ രാഷ്ട്രീയക്കാർ. എന്തുകൊണ്ടാണ് മുസ്ലിം പൊതുവേദികളിലേക്ക് പി.ഡി.പി, എസ്.ഡി.പി.ഐ, വെൽഫെയർ, ഐ.എൻ.എൽ എന്നിവരെ ക്ഷണിക്കാത്തത്?

ഫാഷിസത്തെ പ്രതിരോധിക്കണമെന്ന കാര്യത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലാഞ്ഞിട്ടും ഇവരെ പൊതു പ്ലാറ്റ് ഫോമിനകത്തേക്ക് ആരും കടത്താത്തത് എന്തേ? ഇവരുടെ വേദികളിലൊന്നും ഫാഷിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങളുമായി മുഖ്യധാരയിലെ 'പൊതു മുഖ'ങ്ങൾ അവതരിക്കാത്തതെന്തേ..?

അതോ... ബിദ്അത്തിനോടുള്ള സമുദായത്തിന്റെ അരിശവും അമർഷവും ഇല്ലാതാക്കി അതിനെ വെളുപ്പിക്കുകയാണോ ഈ മതസംഘടനകൾക്കിടയിൽ മാത്രം കറങ്ങുന്ന സമുദായ ഐക്യത്തിന്റെ ലക്ഷ്യം !
മിദ്‌ലാജ് റഹ്മാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
വഖഫ് ബോർഡ് ചെയർമാന് എന്ന സർക്കാർ സ്റ്റാറ്റിയൂട്ടറി ബോഡിയുടെ അധ്യക്ഷന് എന്താ മുജാഹിദ് പരിപാടിയിൽ പോയാൽ എന്നാണു ചോദ്യം.
സഹോദരങ്ങളേ, വഖഫ് ബോർഡ് ചെയർമാൻ, ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്നൊക്കെ പറഞ്ഞാൽ ആ ബോഡിയിലെ ഭൂരിപക്ഷം ആളുകൾ തെരെഞ്ഞെടുക്കുന്ന വ്യക്തിയാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എല്ലാ വിഭാഗത്തിന്റെയും എല്ലാ ആദർശ പരിപാടികളിലും പങ്കെടുക്കണമെന്ന ഒരു ചട്ടമോ നിയമമോ ഇല്ല.

ഇല്ല എന്ന് മാത്രമല്ല, ഉദാഹരണത്തിന്, പാണക്കാട് കുടുംബത്തിൽ നിന്ന് ഒരാളെ ചെയർമാൻ ആക്കുമ്പോൾ ആ ബോഡിയിലെ എല്ലാ ആളുകൾക്കും അറിയാം,പാണക്കാടു തങ്ങൾ മുജാഹിദ് ജമാഅത്ത്എ.പി പരിപാടികളിൽ പോകുകയില്ലെന്ന്. ആലിക്കുട്ടി ഉസ്താദിനെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കുമ്പോഴും ബോഡിയിലുള്ള മുഴുവൻ ആളുകൾക്കും അറിയാം, ആലിക്കുട്ടി ഉസ്താദ് മറ്റുള്ളവരുടെ പരിപാടികൾക്ക് പോകുകയില്ല. കോട്ടുമല ബാപ്പു മുസ്ലയാരെ ചെയർമാൻ ആക്കുമ്പോഴും ഇത് തന്നെയാണ് പൊതുധാരണ.

ഇനി നേരെ തിരിച്ചു ഒരു മുജാഹിദ് നേതാവിനെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആക്കിയാൽ സമസ്തയുടെ പരിപാടിക്ക് വിളിക്കുകയില്ല എന്ന് എല്ലാവര്ക്കും അറിയാം, അവർക്ക് വരാൻ താല്പര്യമുണ്ടോ എന്നത് മറ്റൊരു വിഷയം. കാന്തപുരം പക്ഷക്കാരനായ എ.കെ അബ്ദുൽ ഹമീദ് സാഹിബിനെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കിയപ്പോഴും ഇത് തന്നെയായിരുന്നു രീതി.എല്ലാവര്ക്കും ഇത് അറിയാവുന്നതുമാണ്.
എന്ന് വെച്ചാൽ എല്ലാ വിഭാഗത്തിനും യോജിക്കാവുന്ന ആളുകളെ നോക്കിയിട്ടല്ല ഇത്തരം പോസ്റ്റുകളിൽ വ്യക്തികളെ നിശ്ചയിക്കാറു എന്ന് അർത്ഥം. ഓരോ വിഭാഗത്തിനും അവരുടെതായ ആദർശവും ആശയവുമുണ്ടല്ലോ.

സമസ്തയുടെ ആലിമീങ്ങളും പാണക്കാട് തങ്ങന്മാരും പ്രതിയോഗികളുടെ പരിപാടികളിൽ പങ്കെടുത്ത ചരിത്രമില്ല. സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങളുടെ തന്നെ പിതാവ് സയ്യിദ് ഉമർ അലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാൻ എന്ന ഇതേ സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയായിരുന്നല്ലോ. ചരിത്രത്തിൽ ഒരിക്കൽ പോലും മുജാഹിദ്,ജമാഅത്ത് പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല.ആരും അതിന്റെ പേരിൽ ആക്ഷേപം ഉന്നയിച്ചിട്ടുമില്ല. അതൊക്കെ എല്ലാവർക്കും അറിയാവുന്നതുമാണ്.

മാത്രവുമല്ല ബഹുമാനപ്പെട്ട കോട്ടുമല ബാപ്പു ഉസ്താദിനെ പോലുള്ളവരുടെ ചെയർമാൻഷിപ്പിനെയും ചടുലമായ പ്രവർത്തനത്തെയും ആദർശ പ്രതിയോഗികൾ വരെ ഏറെ പ്രശംസിച്ചതുമാണു,അവരുടെ പരിപാടികളിൽ പങ്കെടുക്കാതിരുന്നിട്ടും.

വസ്തുത ഇതായിരിക്കെ, സർക്കാർ പദവി വഹിക്കുന്നയാളുടെ അനിവാര്യത എന്ന ന്യായം ഉയർത്തി റഷീദ് അലി തങ്ങൾക്ക് വഹ്ഹാബി പരിപാടിയിൽ പങ്കെടുക്കുന്നതിന് ആരും താത്വികാടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കേണ്ടതില്ല എന്ന് വിനയ പൂർവ്വം ഓർമ്മിപ്പിക്കുന്നു.

മിദ്‌ലാജ് റഹ്മാനിയുടെ മറ്റൊരു പോസ്റ്റ്:
ആട് മേയ്ക്കുന്നവർക്ക് വൈക്കോൽ കൊടുക്കാൻ പോകണോന്ന് താങ്കൾ തന്നെ തീരുമാനിക്കുക.......

'ദാ ഞാനിപ്പം ചാടും, ഇപ്പം ചാടും, നിങ്ങളൊക്കെ കൂടി തടയുന്നത് ഒന്ന് കാണണമല്ലോ' എന്ന് പറഞ്ഞു ഒരാൾ ആത്മഹത്യക്ക് ഒരുങ്ങിയാൽ എന്ത് ചെയ്യണം? കോഗ്‌നിറ്റീവ് ബിഹേവിയറൽ തെറാപ്പികളിലെ എക്‌സ്‌പെർട്ടുകൾക്ക് ഇതിനു ഒരു മറുപടിയുണ്ട്.അവനോടോ അവളോടോ ഇങ്ങനെ പറയുക. പൊന്നു മോളെ/മോനെ, താൻ എന്താണെന്ന് വെച്ചാൽ അങ്ങ് ചെയ്യ്... കുത്തുകേ , തൂങ്ങ്‌കേ , ചാടുകേ, എന്താണെന്ന് വെച്ചാൽ ചെയ്യ്..ഞങ്ങൾക്ക് മത്തായിയാണ്!
എന്നിട്ട് പതുക്കെ ചെന്ന് സ്‌നേഹപൂർവ്വം ആ കാതുകളിൽ ഇങ്ങനെ മന്ത്രിക്കുക...ദേയ്, നമ്മൾ തമ്മിലുള്ള ബന്ധം ഭീഷണിയുടേതല്ല. സ്‌നേഹത്തിന്റേതാണ്.പരസ്പര ബഹുമാനത്തിന്റേതാണ്.എനിക്ക് നിങ്ങളോട് ഇഷ്ടമാണ്. പ്രണയമാണ്.പക്ഷെ ആ ഇഷ്ടം കുറച്ചൊക്കെ നിങ്ങളും വിലവെക്കണം. അതായത് നിങ്ങൾ വേറെ ചിലരുടെ പിന്നാലെ പോകുന്നത് എനിക്ക് അത്ര പിടിക്കുന്നില്ല. അരുതെന്ന എന്റെ അപേക്ഷ നിങ്ങൾ കേൾക്കുന്നുമില്ല. മാത്രവുമല്ല പിന്നെയും നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. അത് കൊണ്ട് ഞാൻ അവസാനമായി പറയുന്നു.ഇനി പിന്തിരിപ്പിക്കാൻ ഞാനില്ല, നിങ്ങളായി നിങ്ങളുടെ പാടായി...
പ്രിയ നേതാവേ , നമ്മൾ തമ്മിലുള്ള ബന്ധം ആത്മീയമായ ഒരടുപ്പത്തിന്റേതാണ്. അറുത്ത് മാറ്റാനാകാത്ത ഒരു ആത്മബന്ധത്തിന്റേതാണ്. പക്ഷെ താങ്കൾക്ക് അറിയാമല്ലോ, ആ അടുപ്പത്തിലേക്കു ഞങ്ങളുടെ ഞരമ്പുകൾ പടർന്നു കയറുന്നത് പോലും മത നിർദേശങ്ങളിലെ ചോദനകൾ കൊണ്ടാണ്.അത് കൊണ്ട് മാത്രമാണ്. മതപരമായ പശ്ചാത്തലമാണ് അതിനു ഏത് കാലത്തും പ്രചോദനമാകുന്നത്.എന്ന് വെച്ചാൽ മതം പറയുന്നതാണ് ഈ ബന്ധത്തിന്റെയും ബന്ധവിച്‌ഛേദനത്തിന്റെയും അടിസ്ഥാനമെന്ന് അർത്ഥം.
അത് കൊണ്ട് മതത്തിന്റെയും ആത്മീയതയുടെ അന്തസത്തയെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്ന ആൾകൂട്ടത്തിലേക്ക് തികഞ്ഞ അന്തസോടെ കടന്ന് ചെല്ലാമെന്നൊന്നും താങ്കൾ ധരിക്കരുത്.ഇനി അഥവാ കടന്ന് ചെല്ലണമെന്നുണ്ടെങ്കിൽ പഴയ അതേ ആദരവ് തന്നെ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യരുത്.

അതായത് ഒറ്റവാക്കിൽ പറഞ്ഞാൽ സുന്നത്ത് ജമാഅതതിന്റെ കാര്യങ്ങളൊക്കെ തീരുമാനിച്ചു കഴിഞ്ഞതാണ്. മഷി ഉണങ്ങിക്കഴിഞ്ഞതാണ് കടലാസ് ചുരുട്ടിക്കഴിഞ്ഞതാണ്. മാത്രവുമല്ല താങ്കൾക്കു തന്നെ അറിയാവുന്നതാണല്ലോ, വഹിക്കുന്ന പദവിയുടെ മഹത്വം കൊണ്ട് മാത്രം പറയുന്നതും ചെയ്യുന്നതും തന്നെയാണ് അവസാന വാക്കെന്ന പേപ്പൽ ഇൻഫാലിബിലിറ്റി എന്ന പോപ്പിന് തെറ്റ് പറ്റില്ലെന്ന സിദ്ധാന്തം ഇസ്‌ലാമിലിലില്ലെന്നു. ഇസ്ലാമിലില്ലാത്തത് മാപ്പിള മുസ്ലിമിനും ഇല്ലല്ലോ.

അത് കൊണ്ട് ഇക്കാര്യത്തിൽ താങ്കൾക്ക് തെറ്റിയെന്നു പറയാൻ അശേഷം ഭയമില്ല.പൊതുധാരയെ സഹവർത്തിത്വത്തിലേക്ക് കൊണ്ട് വരുന്ന ഉപ്പഉപ്പാമാരുടെ വട്ടമേശ ചൂണ്ടി അത് ആട് മേയ്ക്കുന്നവർക്ക് വൈക്കോൽ കൊടുക്കുന്ന ഏർപ്പാടായിരുന്നു എന്ന് മനസ്സിലാക്കിയ താങ്കളുടെ വായന അധിക വായന തന്നെയാണ്. തിരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.