Latest News

വീട്ടമ്മയുടെ കൊലപാതകം: മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലംമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്.[www.malabarflash.com]

വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ചയാണ് ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അക്ഷയ് രണ്ടുദിവസമായി പോലിസ് കസ്റ്റഡിയിലായിരുന്നു. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്കിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അക്ഷയ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ സംശയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തികകാര്യങ്ങളിലെ സ്വരച്ചേര്‍ച്ചയുമാണ് കൊലപാതകത്തിന് കാരണമായതെന്ന് അക്ഷയ് മൊഴി നല്കിയതായി പോലീസ് പറഞ്ഞു.

വാക് തര്‍ക്കത്തെത്തുടര്‍ന്ന് പ്രകോപിതനായ അക്ഷയ് ദീപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിനു വെളിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. മൊഴിയിലെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തെളിവുകളും ശാസ്ത്രീയപരിശോധനകളും ആവശ്യമാണെന്നും പോലീസ് അറിയിച്ചു.

ക്രിസ്മസ് ദിവസം ദീപയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താന്‍ സിനിമകാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയിരുന്നുവെന്നും തിരികെവന്നപ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് അക്ഷയ് ആദ്യം പറഞ്ഞത്.

ക്രിസ്മസ് ദിവസം ഉച്ചയ്ക്കും അടുത്തദിവസം പുലര്‍ച്ചെയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ സാക്ഷിമൊഴികള്‍ ഇല്ലാത്തത് പോലീസിനെ വട്ടംകറക്കുന്നു. മൃതദേഹം കത്തിക്കരിഞ്ഞ ദിവസം അത് കണ്ടതായി ആരും പറയുന്നില്ല. മൃതദേഹം കത്തുന്നതിന്റെ മണമുണ്ടായതായോ ശബ്ദം കേട്ടതായോ പരിസരവാസികള്‍ പറയുന്നില്ല. ദീപയുടേതെന്നു കരുതുന്ന മൊബൈല്‍ഫോണിന്റെ ഭാഗം മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.