കാസര്‍കോട്: പരീക്ഷാപ്പേടിയില്‍ തട്ടിക്കൊണ്ടുപോകല്‍ തിരക്കഥ തയാറാക്കിയ എട്ടാംക്ലാസ് വിദ്യാര്‍ഥി പോലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ സത്യം വെളിപ്പെടുത്തി.[www.malabarflash.com]
സിനിമാക്കഥകളെ പോലും വെല്ലുന്ന തരത്തിലുള്ള നാടകീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട വിദ്യാര്‍ഥി കഥ അവതരിപ്പിച്ചത്.
ബുധനാഴ്ച രാവിലെ ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു വിദ്യാര്‍ഥി. ഇതിനിടെ വിദ്യാര്‍ഥി സ്കൂളിലേക്ക് പോകാതെ കൈക്കും ദേഹത്തും മുറിവുമായി ഇളയമ്മയുടെ വീട്ടിലെത്തുകയും തന്നെ ചിലര്‍ ഓമ്നി വാനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയതായി വെളിപ്പെടുത്തുകയും ചെയ്തു.
വിദ്യാര്‍ഥിയുടെ ഷര്‍ട്ട് കീറിപ്പറിഞ്ഞ നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇളയമ്മ കുട്ടിയുടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പിതാവ് കുട്ടിയെയും കൂട്ടി സ്കൂളിലെത്തി മുഖ്യാധ്യാപകനോട് കാര്യം പറഞ്ഞു. സ്കൂളില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത് എസ്ഐ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്കൂളിലെത്തുകയും കുട്ടിയോട് വിവരമന്വേഷിക്കുകയും ചെയ്തു.
സ്കൂളിനു സമീപത്ത് വച്ച് ഓമ്നി വാനിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും എതിര്‍ത്തപ്പോള്‍ ദേഹമാസകലം ബ്ലേഡ് കൊണ്ട് മുറിവേല്പിച്ചുവെന്നും ബാഗ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞുവെന്നും ഷര്‍ട്ട് വലിച്ചുകീറിയെന്നുമായിരുന്നു വിദ്യാര്‍ഥി പോലീസിനോട് വെളിപ്പെടുത്തിയത്.
എന്നാല്‍ ഇതില്‍ സംശയം തോന്നിയ പോലീസ് പറഞ്ഞതിലെല്ലാം സത്യമുണ്ടോയെന്നറിയാന് വിദ്യാർഥിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. ഇതുകേട്ട് പരിഭ്രാന്തനായ വിദ്യാര്‍ഥി നടന്ന യഥാര്‍ഥ സംഭവങ്ങള്‍ വള്ളിപുള്ളിവിടാതെ വെളിപ്പെടുത്തി.
പരീക്ഷ ഭയന്ന് അത് എഴുതാതിരിക്കാനായി താന്‍ തന്നെയാണ് ഇങ്ങനെയൊരു കഥമെനഞ്ഞതെന്നും ബ്ലേഡ് കൊണ്ട് സ്വയം മുറിവേല്‍പ്പിച്ചതാണെന്നും വിദ്യാര്‍ഥി കുറ്റസമ്മതം നടത്തി.
ഇംഗ്ലീഷ് പരീക്ഷയായതിനാല്‍ ഒന്നും പഠിച്ചിട്ടില്ലെന്നും പരീക്ഷാ പേടി കാരണം ഇളയമ്മയുടെ വീട്ടിലേക്ക് പോയതായും വഴിക്ക് വച്ച് താന്‍ സ്വയം ദേഹത്ത് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും ഷര്‍ട്ട് കീറുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു. കുട്ടി തന്നെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ബാഗ് രാത്രിയോടെ പോലീസ് കണ്ടെടുത്തു.
No comments:
Post a Comment