Latest News

ജാതിമാറി വിവാഹം: ഊരുവിലക്കു ഭയന്ന് നവവരന്റെ മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി

മറയൂർ: യുവാവ് ഇതര സമുദായത്തിൽപ്പെട്ട യുവതിയെ പ്രണയവിവാഹം കഴിച്ചതിനെ തുടർന്ന് ഊരുവിലക്കു വരുമെന്നു പേടിച്ചു നാടുവിട്ടോടിയ മാതാപിതാക്കളും സഹോദരിയും ജീവനൊടുക്കി.[www.malabarflash.com]

മറയൂർ കീഴാന്തൂർ സ്വദേശി ടി.സി.മുരുകൻ (50), ഭാര്യ മുത്തുലക്ഷ്‌മി (45), മകൾ ഭാനുപ്രിയ (19) എന്നിവരെ തമിഴ്നാട് ഉദുമൽപേട്ട എസ്‌വി പുരം റെയിൽവേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടിൽ വിഷം ഉള്ളി‍ൽച്ചെന്നു മരിച്ചനിലയിൽ കണ്ടെത്തി.

മുരുകന്റെയും മുത്തുലക്ഷ്മിയുടെയും മകൻ പാണ്ടിരാജ് തമിഴ്നാട്ടിലെ മറ്റൊരു സമുദായക്കാരിയായ യുവതിയെ കഴിഞ്ഞ ശനിയാഴ്ച വിവാഹം ചെയ്തിരുന്നു. ഇതര സമുദായത്തിൽപ്പെട്ടവരെ വിവാഹം ചെയ്താൽ ഊരുവിലക്കുന്ന സമ്പ്രദായമുള്ള പ്രദേശമാണ് ഇവർ താമസിക്കുന്ന അഞ്ചുനാട് ഗ്രാമത്തിലെ കീഴാന്തൂർ പ്രദേശം. 

മകന്റെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു മാതാപിതാക്കൾ ഉദുമൽപേട്ടയിലെത്തി അവിടെ ബിരുദ വിദ്യാർഥിനിയായ ഭാനുമതിയെ ഹോസ്റ്റലിൽനിന്നു കൂട്ടിക്കൊണ്ടുപോയതായി പോലീസ് പറയുന്നു.

മറയൂർ സബ് ഇൻസ്‌പെക്ടർ ജി.അജയ്‌കുമാറിന്റെ നേതൃത്വത്തിൽ ഉദുമൽപേട്ടയിൽ അന്വേഷിച്ചപ്പോൾ മുരുകന്റെ മൊബൈൽ ഫോൺ പഴനിക്കു സമീപമുള്ള ടവർ ലൊക്കേഷനിൽ സ്വിച്ച്ഓഫ് ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങൾ കണ്ടെത്തി. 

രണ്ടുവർഷം മുൻപ് ഉദുമൽപേട്ടയിലെ കോളജിൽ എംകോമിനു പഠിക്കുന്നതിനിടയിലാണു പാണ്ടിരാജ് തമിഴ്നാട് മഠത്തുകുളം സ്വദേശിനിയുമായി പ്രണയത്തിലായത്. പാണ്ടിരാജിനു കൊച്ചിയിൽ ജോലി കിട്ടിയപ്പോൾ ഇരുവരും വിവാഹിതരാവുകയായിരുന്നു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.