Latest News

ഉപ്പയുടെ കയ്യെത്തും ദൂരത്തു നിന്ന് സുനീറയെ മരണം തട്ടിയെടുത്തു

കാസര്‍കോട്: സ്വപ്നങ്ങള്‍ നെയ്തുകൂട്ടി അവയൊന്നൊന്നായി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച ഫാത്തിമത്ത് സുനീറയോട് വിധി എന്തിന് ഇത്ര ക്രൂരത കാട്ടി. എം.ഇ.എസിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു ജോലിയെന്നതായിരുന്നു സുനീറയുടെ ലക്ഷ്യം. ബംഗളൂരുവിലെ ടാറ്റാ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ലഭിക്കുന്നത് അങ്ങനെയാണ്.[www.malabarflash.com]

മകളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ഉപ്പ അബ്ദുല്‍ സലാമും ഉമ്മ നസിയയും കരുതലോടെ പ്രവര്‍ത്തിക്കുമായിരുന്നു. ജോലി സ്ഥലത്ത് സുരക്ഷിതയായി എത്തിച്ച് അബ്ദുല്‍ സലാം വീട്ടിലേക്ക് മടങ്ങും. അവധിയുണ്ടാകുമ്പോള്‍ മകള്‍ ഉപ്പയെ വിളിച്ചറിയിക്കും. ബംഗളൂരുവില്‍ പോയി മകളെയും കൂട്ടി വീട്ടിലേക്ക് മടങ്ങും. എന്നിട്ടും വിധി വിട്ടില്ല. കയ്യെത്തും ദൂരത്തു നിന്ന് മകളെ പറിച്ചു കൊണ്ടുപോയ വിധിയുടെ ക്രൂരതയില്‍ ഉപ്പയുടെ നെഞ്ചുപിടയുന്നുണ്ടാവണം. 

മകളെയും കൂട്ടി ചിരികളികളോടെ വീട്ടിലെത്താറുള്ള സലാം ചൊവ്വാഴ്ച മുഖം താഴ്ത്തി പാണലത്തെ വീടിന്റെ പടി കയറിയപ്പോള്‍ ഭാര്യ നസിയയുടെ മനസ്സില്‍ സങ്കടക്കടല്‍ ഇരമ്പുന്നുണ്ടായിരുന്നു. 

പഠനവും ജോലിയും കഴിഞ്ഞ സുനീറയുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. വിധി അനുവദിച്ചിരുന്നെങ്കില്‍ 2018 മാര്‍ച്ച് നാലിന് അത് നടക്കുമായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എല്ലാ സൗഭാഗ്യങ്ങളെയും തകര്‍ത്തെറിഞ്ഞാണ് ഹാസനില്‍ നിന്ന് ചൊവ്വാഴ്ച ആ മരണവാര്‍ത്തയെത്തുന്നത്.
നബിദിനത്തിനായി അവധിയെടുത്ത് വന്നതായിരുന്നു ഫാത്തിമത്ത് സുനീറ. ഞായറാഴ്ച മടങ്ങേണ്ടതായിരുന്നു. ഒരു ദിവസം കൂടി അവധി നീട്ടിക്കിട്ടുമോ എന്ന് അന്വേഷിച്ചു. അങ്ങനെ തിങ്കളാഴ്ച കൂടി വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനായി. ചൊവ്വാഴ്ച രാവിലെ തന്നെ ഓഫീസിലെത്തണം. തീവണ്ടി പലപ്പോഴും വൈകിയെത്തുന്നതിനാല്‍ യാത്ര ബസില്‍ തന്നെയാകാമെന്ന് വെച്ചു. 

കാസര്‍കോട്ട് ടിക്കറ്റ് കിട്ടുമോ എന്ന് അന്വേഷിച്ചപ്പോള്‍ സീറ്റ് ഇല്ലെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ മംഗളൂരുവിലേക്ക് പോയി. മംഗളൂരുവില്‍ നിന്നാണ് വോള്‍വോ ബസില്‍ കയറുന്നത്. അത് മരണത്തിലേക്കുള്ള യാത്രയുമായി.
ചൊവ്വാഴ്ച പാണലത്ത് നേരം പുലര്‍ന്നത് സുനീറയുടെ അപകടവാര്‍ത്തയുമായായിരുന്നു. ജീവന്‍ തിരിച്ചുകിട്ടണേ എന്ന് നാട് പ്രാര്‍ത്ഥിച്ചു. മടങ്ങിവരണേ എന്ന് കൊതിച്ചു. എന്നാല്‍ പിറകെ മരണവാര്‍ത്ത ഉറപ്പിച്ചുകൊണ്ട് സന്ദേശം വന്നു. 

ബന്ധുക്കളായ സലാം പട്ടേല്‍, ഹക്കിം അബ്ദുല്ല, ഉമ്മര്‍, സാലി, സഫ്‌വാന്‍, സയ്യിദ്, ഹനീഫ എന്നിവര്‍ ഹാസനിലെ ആലൂര്‍ താലൂക്ക് ആസ്പത്രിയിലെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരു മണിയോടെ മയ്യത്തുമായി കാസര്‍കോട്ടേക്ക് യാത്ര തിരിച്ചു. 

സുനീറയുടെ ഉപ്പ അബ്ദുല്‍ സലാമും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കൈക്ക് പരിക്കുണ്ടെങ്കിലും അതൊന്നും വക വെക്കാതെ, അതിനേക്കാള്‍ മുറിവേറ്റ മനസ്സുമായി...

വൈകുന്നേരം 6.30 മണിയോടെ പാണലം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം ഖബറടക്കി. ജനബാഹുല്യം കാരണം രണ്ടുതവണയാണ് മയ്യിത്ത് നിസ്‌കാരം നടന്നത്.  

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, കോണ്‍ഗ്രസ് നേതാവ് പി എ അഷ്റഫലി, സി പി എം ഏരിയാ സെക്രട്ടറി ഹനീഫ പാണലം തുടങ്ങി രാഷ്ട്രീയ- സാമൂഹ്യ- മത രംഗങ്ങളിലെ പ്രമുഖരും പണ്ഡിതരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.