Latest News

പതിനേഴുകാരനുമായി 42കാരി നഴ്‌സ് ഒളിച്ചോടി; പണം തിരിച്ചു ചോദിച്ച് വനിതാ കമ്മീഷനില്‍

പത്തനംതിട്ട: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പതിനേഴുകാരനുമായി ബെംഗളുരുവിലേക്ക് ഒളിച്ചോടുകയും പിന്നീട് തെറ്റിപ്പിരിഞ്ഞശേഷം പണം തിരികെ ചോദിച്ച് വനിതാ കമ്മീഷനില്‍ പരാതി നല്‍കി.[www.malaabrflash.com]

പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതിയുമായി പതിനേഴുകാരന്റെ അമ്മയും 42 വയസുള്ള മുന്‍ കാമുകിയും എത്തി. മകനു സമ്മാനമായി മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കി ഒടുവില്‍ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് അമ്മ പറയുന്നു.

പ്ലസ്ടു ജയിച്ചപ്പോള്‍ ബൈക്ക് വേണമെന്നായിരുന്നു മകന്റെ ആവശ്യം. രോഗബാധിതനായ ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും സംരക്ഷിക്കുന്ന കൂലിവേലക്കാരിയായ അമ്മയ്ക്ക് ബൈക്ക് വാങ്ങിനല്‍കാന്‍ കഴിഞ്ഞില്ല. പകരം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിനല്‍കി.

ഫോണ്‍ ഉപയോഗിച്ച് സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന ഹോംനഴ്സുമായി സമൂഹമാധ്യമത്തിലൂടെ മകന്‍ ചങ്ങാത്തത്തിലായി. 42 വയസ്സുള്ള ഹോംനഴ്സ്, കൗമാരക്കാരന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു.

നാട്ടിലെത്തിയ സ്ത്രീ 17-കാരനുമായി ബെംഗളൂരുവിനു കടന്നു. ആറുമാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ ഹോംനഴ്സിനൊപ്പം താമസിച്ചു. പിന്നീട് ഇവര്‍ തെറ്റി. സ്ത്രീ തുക തിരികെ ആവശ്യപ്പെട്ടു.

തുക നല്‍കാന്‍ കഴിയാതെ പയ്യന്‍ തിരികെ വീട്ടിലെത്തി. പണം മടക്കിനല്‍കുന്നില്ലെന്നുകാണിച്ച് സ്ത്രീ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കി. അപ്പോഴേക്കും 18 വയസ്സു പൂര്‍ത്തിയായ ഇയാള്‍ മൂന്നുമാസം ജയിലിലുമായി. ആകെയുണ്ടായിരുന്ന അഞ്ചുസെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയ അമ്മ, മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്തു ജോലി തരപ്പെടുത്തി.

ഇപ്പോള്‍ 19 വയസ്സുള്ള യുവാവിന്റെപേരില്‍ നടപടിയെടുക്കണമെന്നും 43,000 രൂപയും അതിന്റെ പലിശയും മടക്കിനല്‍കണമെന്നുമുള്ള ആവശ്യവുമായാണ് ഹോംനഴ്സ് കമ്മീഷനുമുന്നിലെത്തിയത്.

എന്നാല്‍, മകന്റെ പ്രായംമാത്രമുള്ള, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഴിവിട്ട ജീവിതത്തിനു പ്രേരിപ്പിക്കുകയും പിന്നീട് ക്രിമിനല്‍കേസില്‍പ്പെടുത്തുകയും ചെയ്ത സ്ത്രീയുടെ നടപടി ഹീനവും നിന്ദ്യവുമാണെന്ന് കമ്മിഷന്‍ വിലയിരുത്തി. ഇത്തരത്തിലുള്ള സ്ത്രീകള്‍ സമൂഹത്തിന് അപമാനവും ഭീഷണിയുമാണെന്നും നിരീക്ഷിച്ചു. തിരിച്ചറിവെത്തുന്നതിനുമുമ്പ് കുട്ടികള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന രക്ഷിതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങളെന്നും നിരീക്ഷിച്ചു.

തുക മടക്കിനല്‍കണമെന്ന ഇവരുടെ ആവശ്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കോടതിയിലുള്ള കേസിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കാമെന്നും കമ്മീഷന്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.