Latest News

മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ യുവ പണ്ഡിതന്‍ ബൈക്കപകടത്തില്‍ മരിച്ചു

കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് റൂബി ജൂബിലി സമ്മേളന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ നിയന്ത്രണംവിട്ട ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവ പണ്ഡിതന്‍ മരിച്ചു. സഹയാത്രികന് പരിക്കേറ്റു.[www.malabarflash.com]

മക്കരപ്പറമ്പ് വടക്കാങ്ങര സ്വദേശി മുബഷിര്‍ സഖാഫിയാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഞ്ചേരി പയ്യനാട് സ്വദേശി സുഹൈലിനാണ് പരിക്കേറ്റത്. 

ലോറിയും ബൈക്കും തീപിടിച്ച് നശിച്ചു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ മുക്കം ആദംപടിയിലാണ് അപകടം.
മര്‍കസ് റൂബി ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയും രാത്രി നടന്ന പ്രാര്‍ത്ഥന സമ്മേളനവും കഴിഞ്ഞ് മുബഷിറും സുഹൃത്ത് സുഹൈലും ബൈക്കില്‍ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ലോറിക്കിടയില്‍ പെടുകയായിരുന്നു. 300 മീറ്ററോളം ബൈക്കിനെ വലിച്ചുകൊണ്ടുപോയ നിലയിലാണ്. 

ഇതിനിടയില്‍ ബൈക്കിലെ പെട്രോള്‍ ടാങ്ക് ചോര്‍ന്ന് ലോറിക്കും ബൈക്കിനും തീപിടിച്ചു. മലപ്പുറം ഭാഗത്തുനിന്ന് ടി.എം.ടി കമ്പിയുമായി വരുകയായിരുന്ന ലോറിയുടെ പിന്‍ഭാഗവും ബൈക്കും കത്തിനശിച്ചു.
വിവരമറിഞ്ഞെത്തിയ മുക്കം അഗ്‌നിശമന സേനയും പോലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. മുക്കം-അരീക്കോട് സംസ്ഥാന പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
എസ്.എസ്.എഫ് മലപ്പുറം ഡിവിഷന്‍ സെക്രട്ടേറിയേറ്റ് അംഗവും കടന്നമണ്ണ മഅ്ദിന്‍ ദഅ്‌വ കോളജിലെ അധ്യാപകനുമാണ് മരിച്ച മുബഷിര്‍ സഖാഫി. പിതാവ്: കേരള മുസ്‌ലിം ജമാഅത്ത് മക്കരപ്പറമ്പ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഹസന്‍ ഹാജി. മാതാവ്: ഹാജറ. ഭാര്യ: റംഷീദ. മകന്‍: ജുബൈര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.